നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന കേസിലെ മുഖ്യസൂത്രധാരനെ സി.ബി.ഐ അറസ്റ്റു ചെയ്തു. മഹാരാഷ്ട്ര ലാത്തൂർ സ്വദേശിയും കെമിസ്ട്രി അദ്ധ്യാപകനുമായ പി.വി. കുല്‍ക്ക‌ണി ആണ് അറസ്റ്റിലായത്. നാഷണല്‍ ടെസ്റ്റിംഗ് ഏജൻസിക്ക് വേണ്ടി പരീക്ഷ നടപടികളില്‍ പങ്കാളിയായിരുന്ന ഇയാള്‍ക്ക് ചോദ്യപേപ്പർ കൈകാര്യം ചെയ്യാനും അനുമതി ഉണ്ടായിരുന്നതായി സി.ബി.ഐ അറിയിച്ചു.വർഷങ്ങളായി ചോദ്യപേപ്പർ തയ്യാറാക്കുന്ന പാനലില്‍ ഇയാള്‍ അംഗമായിരുന്നു.

ഏപ്രില്‍ അവസാനം പൂനെയിലെ വസതിയില്‍ വച്ച്‌ കുല്‍ക്കർണി വിദ്യാർത്ഥികള്‍ക്ക് സ്പെഷ്യല്‍ കോച്ചിംഗ് ക്ലാസുകള്‍ നല്‍കിയതായി സി.ബി.ഐ പറയുന്നു. കേസില്‍ നേരത്തെ അറസ്റ്റിലായ മറ്റൊരു പ്രതി മനിഷ വാഗ്മരെയുടെ സഹായം ലഭിച്ചതായും സി.ബി.ഐ അറിയിച്ചു. ക്ലാസുകളില്‍ നല്‍കിയ ചോദ്യങ്ങളും ഓപ്ഷനുകളും ശരിയായ ഉത്തരങ്ങളും നീറ്റ് പരീക്ഷയിലെ യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യമുള്ളതാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിലൂടെയാണ് ചോദ്യപേപ്പർ ചോ‌ർച്ചയില്‍ കുല്‍ക്കർണിയുടെ പങ്കാളിത്തം സി.ബി.ഐ കണ്ടെത്തിയത്.

പരിശോധനകളില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങളടക്കം പിടിച്ചെടുത്തിരുന്നു. ഇവയുടെ ഫോറൻസിക് പരിശോധന നടന്നുവരികയാണ്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരാതിയില്‍ മേയ് 12നാണ് ചോദ്യപേപ്പർ ചോർച്ചയില്‍ സി.ബി.ഐ കേസെടുക്കുകയും പ്രത്യേക സംഘത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തത്. മേയ് 14ന് ജയ്പുർ, ഗുരുഗ്രാം, നാസിക്, പൂനെ എന്നിവിടങ്ങളില്‍ നിന്നായി ഏഴുപേരെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ അഞ്ചുപേരെ കോടതി മുൻപാകെ ഹാജരാക്കിയിരുന്നു. ഇവരെ കോടതി ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. മറ്റ് രണ്ടുപേരെ ഉടൻതന്നെ കോടതിയില്‍ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *