ചെന്നൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സതേൺ സോണൽ കൗൺസിൽ യോഗത്തിൽ മുല്ലപ്പെരിയാർ ഉൾപ്പെടെയുള്ള നിർണ്ണായക വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കി കേരളം.

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കണമെന്ന നിർദ്ദേശം ആവർത്തിച്ച കേരളം, പുതിയ ഡാം യാഥാർത്ഥ്യമായാൽ തമിഴ്നാടിന് ആവശ്യമായ മുഴുവൻ ജലവും ലഭ്യമാക്കാൻ സംസ്ഥാനം ഉറപ്പുനൽകുന്നുവെന്ന് വ്യക്തമാക്കി. പുതിയ അണക്കെട്ടിന്റെ മുഴുവൻ നിർമ്മാണച്ചെലവും കേരളം വഹിക്കാൻ തയ്യാറാണെന്നും, അണക്കെട്ടിന്റെ നിർമ്മാണ രൂപരേഖയും (ഡിസൈൻ) സ്ഥാനവും നിർമ്മാണ മേൽനോട്ടവും തമിഴ്നാടിന് തീരുമാനിക്കാമെന്നും കേരളം അറിയിച്ചു. എന്നാൽ നിലവിലെ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ തമിഴ്നാട്, അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നു.

കേരളത്തെ അന്താരാഷ്ട്ര തലത്തിലുള്ള പ്രമുഖ തുറമുഖ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ‘മിഷൻ സമുദ്ര’ പദ്ധതിക്കായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാദേശിക സഹകരണം വേണമെന്ന് കേരളം യോഗത്തിൽ ആവശ്യപ്പെട്ടു. അതോടൊപ്പം, സംസ്ഥാനങ്ങളുടെ സാമ്പത്തിക-ഭരണഘടനാ അധികാരങ്ങളെ ബാധിക്കുന്ന തരത്തിലുള്ള കേന്ദ്ര സർക്കാരിന്റെ മിനറൽ ആക്ട് (ഖനി-ധാതു നിയമം) ഭേദഗതി അടിയന്തരമായി റദ്ദാക്കണമെന്നും കേരളം ആവശ്യപ്പെട്ടു.

പാർലമെന്റിലെ വനിതാ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട നിർണ്ണായക നിർദ്ദേശവും കേരളം മുന്നോട്ടുവെച്ചു. പാർലമെന്റിന്റെ ആകെ സീറ്റ് എണ്ണം വർദ്ധിപ്പിക്കാതെ തന്നെ നിലവിലെ ഘടനയിൽ സ്ത്രീകൾക്ക് മൂന്നിലൊന്ന് (33%) സംവരണം ഉടൻ നടപ്പിലാക്കണമെന്ന നിലപാടാണ് കേരളം സതേൺ സോണൽ കൗൺസിൽ യോഗത്തിൽ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *