ഇടുക്കി: തൊടുപുഴയെ ഉൾപ്പെടുത്തി മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന നിർദ്ദേശത്തിനെതിരെ ശക്തമായ എതിർപ്പുമായി യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ കേരള കോൺഗ്രസ് (ജോസഫ്). തൊടുപുഴയെ ഇടുക്കിയിൽ നിന്ന് അടർത്തിമാറ്റി പുതിയ ജില്ലയുണ്ടാക്കാനുള്ള നീക്കം ഇടുക്കി ജില്ലയുടെ ജീവനും ആത്മാവിനും നേരെയുള്ള കടന്നുകയറ്റമാണെന്നും, നിലവിലെ സാഹചര്യത്തിൽ ഈ ആവശ്യത്തിന് യാതൊരു പ്രസക്തിയുമില്ലെന്നും ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി

മൂവാറ്റുപുഴയിൽ നടന്ന ഒരു പൊതുപരിപാടിയിൽ വെച്ച് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടനാണ് എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ ചില പ്രദേശങ്ങൾ സംയോജിപ്പിച്ച് പുതിയ മൂവാറ്റുപുഴ ജില്ല രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനോട് പരസ്യമായി ആവശ്യപ്പെട്ടത്. മാത്യു കുഴൽനാടന്റെ ആവശ്യത്തോട് പ്രതികരിച്ച മുഖ്യമന്ത്രി വിഡി സതീശൻ, വിഷയം സർക്കാർ ഗൗരവമായി പരിഗണിക്കുമെന്നും ഇതിനായി ഒരു ഡീലിമിറ്റേഷൻ കമ്മീഷനെ നിയോഗിക്കുമെന്നും മറുപടി നൽകിയിരുന്നു. എറണാകുളം ജില്ലയിലെ ഫണ്ടുകൾ ഭൂരിഭാഗവും കൊച്ചി നഗരവികസനത്തിന് മാത്രമായി കേന്ദ്രീകരിക്കപ്പെടുന്നതിനാൽ കിഴക്കൻ മേഖലയുടെ വികസനത്തിന് പ്രത്യേക ജില്ല അനിവാര്യമാണെന്നായിരുന്നു മാത്യു കുഴൽനാടന്റെ വാദം.എന്നാൽ, തൊടുപുഴയിൽ ശക്തമായ രാഷ്ട്രീയ സ്വാധീനമുള്ള കേരള കോൺഗ്രസ് (ജോസഫ്) ഈ നീക്കത്തിനെതിരെ പരസ്യമായി രംഗത്തെത്തുകയായിരുന്നു

ഇടുക്കിയിൽ നിന്ന് തൊടുപുഴയെ അടർത്തിമാറ്റുന്നത് ജില്ലയുടെ ഹൃദയവും ആത്മാവും കീറിമുറിക്കുന്നതിന് തുല്യമാണെന്ന് മോൻസ് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. മുൻപ് ഈ നിർദ്ദേശം ഉയർന്നുവന്നപ്പോൾ തന്നെ പാർട്ടി ചെയർമാൻ പിജെ ജോസഫ് അതിനെ ശക്തമായി എതിർത്തിരുന്നതാണ്. നേരത്തെ മുൻ മൂവാറ്റുപുഴ എംഎൽഎ ജോസഫ് വാഴയ്ക്കൻ നിയമസഭയിൽ ഈ വിഷയം ഉന്നയിച്ചപ്പോൾ തന്നെ ഇത് വിശദമായി ചർച്ച ചെയ്യുകയും പിന്നീട് ഉപേക്ഷിക്കപ്പെട്ടതുമായ ഒരു വിഷയമാണിത്. മുഖ്യമന്ത്രിയോട് ഒരു നിർദ്ദേശം മുന്നോട്ടുവെക്കാൻ എംഎൽഎക്കും, അതിന് മറുപടി നൽകാൻ മുഖ്യമന്ത്രിക്കും അവകാശമുണ്ട്. എന്നാൽ ഇത്തരം ഗൗരവമുള്ള ഭരണപരമായ കാര്യങ്ങൾ പൊതുവേദികളിൽ ചർച്ചയാക്കുന്നത് ശരിയല്ലെന്നും മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി.

ഇത്തരമൊരു നിർദ്ദേശം പുനഃപരിശോധിക്കേണ്ടതുണ്ടോ എന്ന് ആലോചിക്കുന്നതിൽ വിരോധമില്ല. എന്നാൽ അത്തരം ചർച്ചകൾ നടക്കേണ്ടത് മുന്നണിക്ക് അകത്താണ്. യുഡിഎഫ് നേതൃത്വവും സംസ്ഥാന തല യുഡിഎഫ് സമിതിയും വിഷയം വിശദമായി പരിശോധിക്കട്ടെ. വിഷയം യുഡിഎഫിൽ ചർച്ചയ്ക്ക് വരുമ്പോൾ കേരള കോൺഗ്രസ് തങ്ങളുടെ ശക്തമായ നിലപാട് അവിടെ വ്യക്തമാക്കും. നിലവിൽ ഈ വിഷയത്തിന് യാതൊരു പ്രസക്തിയുമില്ലെന്നും മോൻസ് ജോസഫ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *