കോഴിക്കോട്: ബേപ്പൂർ നിയമസഭാ മണ്ഡലത്തിലേറ്റ പരാജയത്തിന് പിന്നാലെ പ്രാദേശിക യുഡിഎഫ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്ഥാനാർത്ഥിയായിരുന്ന പിവി അൻവർ രംഗത്ത്. യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുൾപ്പെടെയുള്ള ശക്തികേന്ദ്രങ്ങളിൽ തനിക്ക് വലിയ തോതിൽ വോട്ട് ചോർച്ചയുണ്ടായെന്നും, ആവശ്യപ്പെട്ട സൗകര്യങ്ങളെല്ലാം ചെയ്തുകൊടുത്തിട്ടും പോസ്റ്ററുകൾ പോലുമൊട്ടിക്കാതെ തന്നെ ഒറ്റിക്കൊടുത്തെന്നും അൻവർ തുറന്നടിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കോൺഗ്രസ്-യുഡിഎഫ് നേതൃത്വത്തിനെതിരെ വിമർശനങ്ങളുന്നയിച്ചത്.

തോൽവിയെക്കുറിച്ച് ഇനി സംസാരിക്കേണ്ടതില്ലെന്ന് ഉറപ്പിച്ചതായിരുന്നുവെന്നും എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ യുഡിഎഫ് കേന്ദ്രങ്ങളിൽ നിന്ന് തന്നെയുണ്ടായ ചില വെളിപ്പെടുത്തലുകളും വിമർശനങ്ങളുമാണ് കാര്യങ്ങൾ പരസ്യമായി പറയാൻ തന്നെ നിർബന്ധിതനാക്കിയതെന്നും അദ്ദേഹം കുറിച്ചു. “റിയാസിനെ പരാജയപ്പെടുത്താനുള്ള വോട്ട് ഞാൻ സംഘടിപ്പിക്കാമെന്നും, നമുക്ക് ജയിക്കാനുള്ള വോട്ട് നിങ്ങളായി സംഘടിപ്പിക്കണമെന്നും ഞാൻ യുഡിഎഫ് നേതൃത്വത്തോട് പറഞ്ഞിരുന്നു,” അൻവർ പോസ്റ്റിൽ വ്യക്തമാക്കി. വോട്ടെടുപ്പിന് ശേഷം നടത്തിയ വിദഗ്ധ അവലോകനത്തിൽ യുഡിഎഫ് കേന്ദ്രങ്ങളിലെ അപകടകരമായ വോട്ട് ചോർച്ച തനിക്ക് ബോധ്യപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

ഫറോക്ക് നഗരസഭ, രാമനാട്ടുകര നഗരസഭ, ചെറുവണ്ണൂർ, നല്ലളം മേഖലകളിൽ നിന്ന് വലിയ തോതിൽ വോട്ട് ചോർച്ചയുണ്ടായി. ബേപ്പൂരിലും കടലുണ്ടിയിലും വോട്ട് ചോർന്നുവെങ്കിലും ഇടതുപക്ഷ കേന്ദ്രങ്ങളിൽ നിന്നും എനിക്ക് ലഭിച്ച വലിയ വോട്ടിന്റെ പിന്തുണ ഉള്ളതുകൊണ്ടാണ് അത് പുറത്തേക്ക് പ്രത്യക്ഷത്തിൽ കാണാതിരുന്നത്. ഇടതുപക്ഷ കേന്ദ്രങ്ങളിൽ നിന്നെല്ലാം വോട്ടുകൾ കണക്കുകൂട്ടിലിന് അനുസരിച്ച് ലഭിച്ചപ്പോൾ യുഡിഎഫ് കേന്ദ്രങ്ങളിൽ വോട്ട് കുത്തനെ കുറയുകയാണ് ചെയ്തത്,” അൻവർ ആരോപിച്ചു.

