കുംഭമേള വൈറൽ താരം മൊണാലിസയുടെ ഭാഗം കേൾക്കാതെ ജനനത്തിയതി തിരുത്തിയ മുനിസിപ്പൽ അധികൃതരുടെ നടപടി മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കി. തിയതി തിരുത്തുമ്പോൾ അത് നേരിട്ട് ബാധിക്കുന്നയാൾക്കു നോട്ടീസ് നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. മൊണാലിസയുടെ ഭാഗം കൂടി കേട്ട ശേഷം, ജനന തീയതി തിരുത്തുന്നതിനായി പിതാവ് നൽകിയ അപേക്ഷയിൽ പുതുതായി തീരുമാനമെടുക്കാൻ കോടതി മഹേശ്വർ ചീഫ് മുൻസിപ്പൽ ഓഫിസർക്കു നിർദേശം നൽകി.
തന്റെ വിവാഹത്തെ എതിർക്കുന്നതിനായി പിതാവ് രേഖകളിൽ പ്രായം കുറച്ചെന്നായിരുന്നു പരാതി. തന്റെ വാദം കേൾക്കാതെയാണ് അപേക്ഷയിൽ തീരുമാനമെടുത്തതെന്ന് മൊണാലിസ ഹർജിയിൽ ചൂണ്ടിക്കാട്ടി.
2026 മാർച്ച് 11ന് തിരുവനന്തപുരത്ത് വെച്ചാണ് വൈറൽ പെൺകുട്ടിയും നടൻ കൂടിയായ ഫർമാൻ ഖാനും വിവാഹിതരായത്. ഇതിന് പിന്നാലെ മധ്യപ്രദേശിലെ മഹേശ്വർ പൊലീസ് സ്റ്റേഷനിൽ പെൺകുട്ടിയുടെ പിതാവ് പരാതി നൽകുകയായിരുന്നു. പ്രായപൂർത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയി എന്നത് അടക്കം കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഇതിൽ വിവിധ വകുപ്പുകൾ ചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
തനിക്ക് പ്രായപൂർത്തിയായിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർ ഐഡിയും ആധാർ ഉൾപ്പെടെയുള്ള രേഖകൾ ഇതിനു തെളിവായി ഉണ്ടെന്നും ചൂണ്ടിക്കാട്ടി പെൺകുട്ടി കേരള ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ഹൈക്കോടതി ഇവർക്കു പൊലീസ് സംരക്ഷണം നൽകിയിരുന്നു.
പെൺകുട്ടിക്കു 16 വയസ് മാത്രമാണുള്ളതെന്നായിരുന്നു മധ്യപ്രദേശ് പൊലീസിന്റെ വാദം. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പട്ടികജാതി -വർഗ അതിക്രമം തടയൽ നിയമപ്രകാരവും കേസ് എടുത്തിട്ടുണ്ടെന്നും പൊലീസ് ഹൈക്കോടതിയിൽ പറഞ്ഞു.

