തിയറ്ററുകളില്‍ വന്‍ വിജയം നേടിയ ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ ടെലിവിഷനിലേക്ക് എത്തില്ല. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനാണ് (സിബിഎഫ്‍സി) പ്രദര്‍ശനാനുമതി നിഷേധിച്ചത്. ലോവർ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷ സിബിഎഫ്‍സി നിരസിച്ചു.

റീജിയണൽ എക്സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ സെൻട്രൽ ബോർഡ് അംഗീകരിക്കുകയായിരുന്നു. യു അല്ലെങ്കിൽ യു/ എ കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റാത്ത അത്ര വയലൻസ് സിനിമയിൽ ഉണ്ടെന്നായിരുന്നു വിലയിരുത്തൽ. കൂടുതൽ സീനുകൾ വെട്ടിമാറ്റി വേണമെങ്കിൽ നിർമ്മാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാം.

കഴിഞ്ഞ വര്‍ഷത്തെ മലയാള സിനിമയില്‍ നിന്നുള്ള വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു മാര്‍ക്കോ. മലയാളത്തിലെ ഏറ്റവും വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ വന്‍ വിജയമാണ് നേടിയത്. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് ഉണ്ണി മുകുന്ദന്‍ എത്തിയത്. മലയാളികള്‍ക്കൊപ്പം മറുഭാഷ് പ്രേക്ഷകരും ചിത്രം ഏറ്റെടുത്തിരുന്നു. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പും മികച്ച കളക്ഷനാണ് നേടിയത്. തെലുങ്ക് പതിപ്പും കളക്റ്റ് ചെയ്തിരുന്നു. ഒടിടിയിലും ചിത്രം ശ്രദ്ധ നേടിയിരുന്നു. ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തിക വിജയവുമാണ് ബോക്സ് ഓഫീസില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മാര്‍ക്കോ.

അതേസമയം കേരളത്തില്‍ വര്‍ധിച്ച് വരുന്ന, യുവാക്കള്‍ പ്രതികളാവുന്ന ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സിനിമകള്‍ ചെലുത്തുന്ന സ്വാധീനവും ചര്‍ച്ചയായിരുന്നു. ഇത്തരം ചര്‍ച്ചകളില്‍ എടുത്ത് പറയപ്പെട്ടിരുന്ന ചിത്രങ്ങളിലൊന്നാണ് മാര്‍ക്കോ. ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച സമയത്തും വയലന്‍സ് രംഗങ്ങളെ വിമര്‍ശിച്ചവര്‍ ഉണ്ടായിരുന്നു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *