കുളിക്കടവിൽ വീട്ടമ്മയെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കൊലക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട് അടുത്തിടെ ജയിലിൽ നിന്നിറങ്ങിയ പരുമല കോട്ടയ്ക്കമാലിൽ സബീറിനായാണ് (ഷമീർ) ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലും പ്രതിയെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിലാണ് നടപടി.

ഇയാൾ ബെംഗളൂരുവിലേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിലവിലെ വിവരം. നാല് മാസം മുമ്പ് മാന്നാർ കുരട്ടിക്കാട് തൊമ്മൻപറമ്പ് കടവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പട്ടാപ്പകൽ കുളിക്കടവിൽ തുണി നനച്ചുകൊണ്ടിരുന്ന വീട്ടമ്മയെ പ്രതി ക്രൂരമായി മർദിച്ച ശേഷം പീഡിപ്പിക്കാനും വെള്ളത്തിൽ മുക്കിക്കൊല്ലാനും ശ്രമിക്കുകയായിരുന്നു.

മറ്റാരുമില്ലാതിരുന്ന നേരത്ത് പിന്നിലൂടെ നീന്തിയെത്തി തുണികൊണ്ട് മുഖംമൂടിയാണ് അക്രമം നടത്തിയത്. ഇതിനിടെ മറ്റൊരു വീട്ടമ്മ കുളിക്കടവിലേക്ക് വരുന്നത് കണ്ട് പ്രതി ആറ്റിലൂടെ നീന്തി രക്ഷപ്പെടുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഭവത്തിന് പിന്നാലെ ചെങ്ങന്നൂർ ഡിവൈഎസ്പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തിരച്ചിൽ ഊർജിതമാക്കിയിരുന്നു.

നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതി ഒളിവിൽ കഴിയാൻ സാധ്യതയുള്ള നദീതീരങ്ങളിലും പൊന്തക്കാടുകളിലും പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. നിലവിൽ ബംഗളൂരുവിൽ ഒളിവിൽ കഴിയുന്ന പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497990043, 9497987066 എന്നീ മൊബൈൽ നമ്പറുകളിൽ ചെങ്ങന്നൂർ ഡിവൈഎസ്പിയെയോ മാന്നാർ സ്റ്റേഷൻ ഇൻസ്പെക്ടറെയോ അറിയിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു. പ്രതിയുടെ വിവിധ ചിത്രങ്ങളും പൊലീസ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.


