കാഞ്ഞിരപ്പള്ളി: കേരളത്തിലെ വിദ്യാലയങ്ങളിലെ പാഠപുസ്തക അച്ചടിയും വിതരണവും സംബന്ധിച്ച അനിശ്ചിതത്വം അടിയന്തരമായി പരിഹരിക്കണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (KSTU) ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളിയിൽ നടന്ന കെ.എസ്.ടി.യു കോട്ടയം റവന്യൂ ജില്ലാ എക്സിക്യൂട്ടീവ് ക്യാമ്പിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് ഈ ആവശ്യം ഉയർന്നത്.
പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ വിദ്യാർത്ഥികൾക്ക് സമയബന്ധിതമായി പാഠപുസ്തകങ്ങൾ ലഭിക്കാത്ത സാഹചര്യം വിദ്യാഭ്യാസ മേഖലയെ ആശങ്കയിലാഴ്ത്തുന്നതായി ക്യാമ്പ് വിലയിരുത്തി.

പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും വൈകുന്നതിലൂടെ വിദ്യാർത്ഥികളുടെ പഠനപ്രവർത്തനങ്ങൾക്കും അധ്യാപന ക്രമീകരണങ്ങൾക്കും തിരിച്ചടിയാകുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
സ്കൂൾ തുറക്കുന്ന ആദ്യദിനം തന്നെ മുഴുവൻ വിദ്യാർത്ഥികൾക്കും പാഠപുസ്തകങ്ങൾ ലഭ്യമാക്കുന്നതിനായി സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ മേഖലയിലെ നിലവാരവും വിശ്വാസ്യതയും സംരക്ഷിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് കാര്യക്ഷമമായ നടപടികൾ സ്വീകരിക്കണമെന്നും ക്യാമ്പ് അഭിപ്രായപ്പെട്ടു.

അതേസമയം, വിദ്യാഭ്യാസ രംഗത്ത് ദീർഘകാല പരിചയവും കാര്യക്ഷമമായ ഇടപെടലുകളും കൈവരിച്ചിട്ടുള്ള മുസ്ലിം ലീഗിന് തന്നെ വിദ്യാഭ്യാസ വകുപ്പ് നൽകുന്നതാണ് ഉചിതമെന്ന അഭിപ്രായവും ക്യാമ്പിൽ ഉയർന്നു.
ജില്ലാ പ്രസിഡണ്ട് തൗഫീഖ് കെ. ബഷീർ അധ്യക്ഷത വഹിച്ചു. നിയുക്ത എം.എൽ.എ റോണി കെ. ബേബി ഉദ്ഘാടനം ചെയ്തു.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/LCu4j6ChJqn9rSBZDjrnbc?mode=gi_t

തുടർന്ന് നടന്ന അക്കാദമിക് സെഷൻ ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ അഡ്വ. വി.പി. നാസർ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ടി.എ. ഷിഹാബുദ്ദീൻ, യൂനുസ് മേലേതിൽ, രൂപേഷ് പി.ആർ., ദളിത് ലീഗ് ജില്ലാ പ്രസിഡണ്ട് സി.കെ. രാജ്, ഭാരവാഹികളായ ഷഹബാനത്ത്, റ്റിസ്മി മോഹൻ, സുനിൽ മഠത്തിൽ, കെ.എ.റഫീഖ്, ആശ്ലീൻ ഷാജി, അലി അക്ബർ എന്നിവർ സംസാരിച്ചു.


