മുണ്ടക്കയം: മുണ്ടക്കയം കൂട്ടിക്കൽ പഞ്ചായത്തിൽ റോഡ് പണിയുടെ ഭാഗമായി നടക്കുന്ന ഓട നിർമ്മാണത്തിൽ അശാസ്ത്രീയതയെന്ന് ആരോപണം. മുണ്ടക്കയം ഇളകാട് റോഡിൽ നിന്നും പ്ലാപ്പള്ളി റോഡിലേക്കുള്ള ഏന്തയാർ പോസ്റ്റ് ഓഫീസ് കെട്ടിടത്തിന് മുൻപിലൂടെ കടന്നുപോകുന്ന ലിങ്ക് റോഡിന്റെ നിർമ്മാണത്തിലാണ് അപാകത ചൂണ്ടിക്കാട്ടി പ്രദേശവാസി രംഗത്ത് വന്നത്.

ഓടയുടെ സൈഡ് വാർക്കുന്നതിനായി 18, 12 mm തലത്തിലുള്ള കമ്പികൾ ഉപയോഗിക്കേണ്ടതിന് പകരം 15 ഇഞ്ച് അകലത്തിൽ 8 mm കമ്പികൾ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് റോഡിന്റെ ദീർഘകാല നിലനിൽപ്പിന് ഭീഷണിയാണെന്നാണ് പരാതി. നിർമ്മാണ പ്രവർത്തനങ്ങളിലെ അപാകത ചൂണ്ടിക്കാട്ടി പഞ്ചായത്തിൽ പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്ന് ആരോപണം ഉയരുന്നുണ്ട്.

പരാതി നൽകിയതിൽ പ്രകോപിതനായ കോൺട്രാക്ടർ പ്രദേശവാസിയായ അബ്ദു ആലസംപാട്ടിലിനെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.

