കോഴിക്കോട്: സംസ്ഥാനത്ത് സെപ്റ്റംബറില്‍ ആറ് മന്ത്രിമാര്‍ വിദേശയാത്ര നടത്തിയതായി പൊതുഭരണവകുപ്പ്. ആറ് പേരും സ്വന്തം ചെലവില്‍ സ്വകാര്യ സന്ദര്‍ശനങ്ങളാണ് നടത്തിയത്. ഒരാള്‍ സ്വകാര്യസന്ദര്ശനത്തിനിടെയ്ക്ക് മറ്റൊരു രാജ്യത്തുകൂടി ഔദ്യോഗിക സന്ദര്‍ശനം നടത്തിയെന്നും പൊതുഭരണവകുപ്പ് വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചത് കെഎം ഷാജിയും കൂടുതല്‍ ദിവസം വിദേശത്ത് തങ്ങിയത് രമേശ് ചെന്നിത്തലയുമാണ്.

ചെന്നിത്തല പതിമൂന്ന് ദിവസവും കെഎം ഷാജി പതിനൊന്ന് ദിവസവും വിദേശത്ത് തങ്ങി. ഒജെ ജനീഷ്, മോന്‍സ് ജോസഫ്, പിസി വിഷ്ണുനാഥ് എന്നിവര്‍ എട്ടുദിവസം വീതവും വിഇ അബ്ദുള്‍ ഗഫൂര്‍ നാലുദിവസവുമാണ് വിദേശത്ത് ചെലവിട്ടത്. ഇതില്‍ വിഷ്ണുനാഥിന്റെ യുഎഇ സന്ദര്‍ശനം മാത്രമാണ് ഔദ്യോഗിക യാത്ര. സെപ്റ്റംബര്‍ പത്തുമുതല്‍ 11വരെ ബഹ്റൈനില്‍ സ്വകാര്യ സന്ദര്‍ശനം നടത്തിയത്. ജനീഷ് ഒമാനിലും ഖത്തറിലും സ്വകാര്യ സന്ദര്‍ശനം നടത്തി. ഇതില്‍ ഖത്തര്‍ സന്ദര്‍ശനത്തില്‍ അഡീഷണല്‍ പഴ്സനല്‍ അസിസ്റ്റന്റ് മുഹമ്മദ് ഹക്കീം മന്ത്രിയെ അനുഗമിച്ചിട്ടുണ്ട്.
മോന്‍സ് ജോസഫ് സെപ്റ്റംബര്‍ ആറ് മുതല്‍ 13വരെ യുഎസ്, ചെന്നിത്തല ആറ് മുതല്‍ ഏഴ് വരെ യുഎഇ, പത്തുമുതല്‍ 20വരെ യുഎസ്, ഷാജി 17 മുതല്‍ 27വരെ ഓസ്ട്രിയ, ബള്‍ഗേറിയ, സ്വിറ്റ്സര്‍ലന്‍ഡ്, യുഎഇ, അബ്ദുല്‍ ഗഫൂര്‍ പതിനെട്ടുമുതല്‍ 21വരെ യുഎഇ, എന്നിങ്ങനെയായിരുന്നു സന്ദര്‍ശനങ്ങള്‍. സ്വകാര്യ യാത്രയായതിനാല്‍ ഇതിന്റെ ചെലവുകള്‍ ലഭ്യമല്ലെന്നും പൊതുഭരണ വകുപ്പ് വ്യക്തമാക്കി.


