കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനമിടിച്ചു കൊല്ലപ്പെട്ട കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരായ ക്രിമിനൽ വിചാരണ നടപടികൾ ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. കേസ് നടത്താൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ബഷീറിന്റെ ഭാര്യ സി. ജസീലാ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഇടപെടൽ. ജസ്റ്റിസ് ജി. ഗിരീഷ് ഹർജി പരിഗണിക്കുകയും കേസിൽ തുടർനടപടികൾ തടഞ്ഞുവെച്ചുകൊണ്ട് സർക്കാരിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു.
നേരത്തെ കോടതിയിൽ നൽകിയ ഉറപ്പിൽനിന്ന് വിരുദ്ധമായി, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ വിസമ്മതിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാൻ ബെഞ്ച് നിർദ്ദേശം നൽകി. അഡ്വക്കേറ്റ് എ. സന്തോഷ് കുമാറിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുമെന്ന് ആഗസ്റ്റിൽ സർക്കാർ ഹൈക്കോടതിക്ക് ഉറപ്പുനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, വിജ്ഞാപനം പുറപ്പെടുവിക്കുന്നതുവരെ വിചാരണ നിർത്തിവെക്കാൻ ഓഗസ്റ്റ് 18-ന് ജസ്റ്റിസ് സി.എസ്. ഡയസ് ഉത്തരവിടുകയും സർക്കാരിന് ഒരു മാസത്തെ സമയം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ കോടതി നിശ്ചയിച്ച ഒരു മാസത്തെ കാലാവധി അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ, സെപ്റ്റംബർ 17-ന് പുറത്തിറക്കിയ പ്രത്യേക ഉത്തരവിലൂടെ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കില്ലെന്ന് സർക്കാർ നിലപാട് മാറ്റുകയായിരുന്നു
ഹൈക്കോടതിയിൽ മുതിർന്ന പ്രോസിക്യൂട്ടർ മുഖേന അറിയിച്ച ഔദ്യോഗിക നിലപാട് പോലും തള്ളിക്കൊണ്ട് സർക്കാർ മലക്കംമറിച്ചിലാണ് നടത്തിയത് എന്ന് ജസീലാ കോടതിയിൽ ചൂണ്ടിക്കാട്ടി. അമിതവേഗതയിലും മദ്യപിച്ച് ലക്കുകെട്ടും വാഹനമോടിച്ച് മരണമുണ്ടാക്കിയതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ശിക്ഷാനിയമത്തിലെയും മോട്ടോർ വാഹന നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശ്രീറാം വെങ്കിട്ടരാമൻ നിലവിൽ വിചാരണ നേരിടുന്നത്. ബഷീറിന്റെ മരണത്തിന് ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ഈ കേസിൽ തിരുവനന്തപുരം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി-ഒന്നിൽ വിചാരണ നടപടികൾ ആരംഭിച്ചത്.
പിന്നീട് ശ്രീറാം വെങ്കിട്ടരാമന്റെ അഭിഭാഷകന് ഒന്നാം നിലയിലുള്ള കോടതി മുറിയിലേക്ക് കയറാനുള്ള അസൗകര്യം കണക്കിലെടുത്ത് വിചാരണ അഡീഷണൽ സെഷൻസ് കോടതി-നാലിലേക്ക് മാറ്റുകയായിരുന്നു. ഈ നടപടിയെ ചോദ്യം ചെയ്തുകൊണ്ടും സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടും ജസീലാ മുൻപും കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതി മാറ്റത്തിനെതിരെയുള്ള വാദം പിൻവലിച്ച്, സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യത്തിൽ മാത്രം അവർ ഉറച്ചുനിൽക്കുകയായിരുന്നു.

