കാഞ്ഞിരപ്പള്ളി: ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി കാഞ്ഞിരപ്പള്ളി പട്ടണത്തിൽ ഇന്ന് മുതൽ (മെയ് 18) ഗതാഗത പരിഷ്കാരം നടപ്പാക്കും. ദേശീയ പാതയിൽ കുരിശിങ്കൽ മുതൽ പൂതക്കുഴി വരെയുള്ള ഭാഗത്തും കാഞ്ഞിരപ്പള്ളി-തമ്പക്കാട് റോഡിലും ദേശീയപാതയെ ബന്ധിപ്പിക്കുന്ന ഇടറോഡുകളിലുമാണ് പുതിയ പരിഷ്കാരം നടപ്പാക്കുന്നത്. കാഞ്ഞിരപ്പള്ളിയിലെ ഏഴ് പ്രധാന ബസ് സ്റ്റോപ്പുകളിൽ മാറ്റമുണ്ടാകും. ടി.വി.എസ്. റോഡ് വൺവേ ആകും. ഈ റോഡിൽ നിന്ന് ദേശീയ പാതയിലേക്ക് പ്രവേശിക്കാൻ കഴിയില്ല.

ടൗണിലെ റോഡിന് ഇരുവശത്തെയും അനധികൃത പാർക്കിങ് നിരോധിച്ചു. റോഡിലെ വെള്ളവരയ്ക്കിപ്പുറമായി റോഡിലേക്ക് കയറ്റി വാഹനങ്ങൾ പാർക്കുചെയ്യാൻ പാടില്ല. ടൗൺ പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങളിൽ കയറ്റിറക്കജോലികൾ രാവിലെ എട്ട് മുതൽ 10.30 വരെയും ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ 5.30 വരെയും ഒഴിവാക്കണം. പുൽപ്പേൽ ടെക്സ്റ്റൈൽസിന് മുൻവശം മുതൽ ടി.വി.എസ്. റോഡ് വരെ വാഹനങ്ങൾ 10 മിനിറ്റിൽ അധികം പാർക്കു ചെയ്യാൻ അനുവദിക്കില്ല. കാഞ്ഞിരപ്പള്ളി – തമ്പലക്കാട് റോഡിൽ വലതു വശത്ത് മാത്രമാകും പാർക്കിങ്. ഗതാഗത പരിഷ്കാരങ്ങൾ നടത്തുന്നതിനു മുൻപായി ബോർഡുകളും മറ്റ് സിഗ്നൽ സംവിധാനങ്ങളും സ്ഥാപിച്ചു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *