കാഞ്ഞിരപ്പള്ളി: സെക്യൂരിറ്റി ജീവനക്കാരുടെ കുറവുമൂലം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ രോഗികളുടെ തിരക്ക് നിയന്ത്രിക്കാനാകാതെ ജീവനക്കാർ ദുരിതത്തിൽ. അഞ്ച് സെക്യൂരിറ്റി ജീവനക്കാർ ഉണ്ടായിരുന്ന ആശുപത്രിയിൽ ഇപ്പോൾ രണ്ടുപേർ മാത്രമാണുള്ളത്. തിരക്കേറിയ ദിവസങ്ങളിൽ ഒ.പി. വിഭാഗത്തിലെത്തുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും നിയന്ത്രിക്കുന്നത് ഏറെ ബുദ്ധിമുട്ടായിരിക്കുകയാണ്.

തിരുവോണദിനത്തിൽ ആശുപത്രിയിലെത്തിയ രോഗികളും ജീവനക്കാരും തമ്മിൽ വാക്കേറ്റവും സംഘർഷാവസ്ഥയും ഉണ്ടായി. പാസ് വിതരണം ഉൾപ്പെടെയുള്ള ജോലികൾ ചെയ്യുന്ന വനിതാ ജീവനക്കാർക്കുപോലും സെക്യൂരിറ്റി ജീവനക്കാരുടെ ചുമതലകൾ ഏറ്റെടുക്കേണ്ടിവരുന്ന സ്ഥിതിയാണ്. നിലവിൽ സെക്യൂരിറ്റി ജീവനക്കാർക്ക് ദിവസവേതനമായി 650 രൂപയാണ് ലഭിക്കുന്നത്. മറ്റ് ആശുപത്രികളിൽ 850 രൂപ വരെ വേതനം ലഭിക്കുന്ന സാഹചര്യത്തിൽ 650 രൂപയ്ക്ക് ജോലി ചെയ്യാൻ ആളുകൾ തയ്യാറാകാത്തതാണ് ജീവനക്കാരുടെ കുറവിന് കാരണം.

വിമുക്തഭടന്മാരുടെ സംഘടനയായ കെക്സ്കോൺ വഴിയാണ് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാരുടെ അഭാവം ആശുപത്രിയിലെ മറ്റ് ജീവനക്കാരെയും രോഗികളെയും ഒരുപോലെ ദുരിതത്തിലാക്കുന്നതിനാൽ അടിയന്തരമായി പരിഹാരം കാണണമെന്നാണ് ആവശ്യം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ജീവനക്കാരെ കണ്ടെത്താൻ ശ്രമിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. വീണ്ടും വാക്-ഇൻ ഇന്റർവ്യൂ നടത്തി സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി ചെയർമാനും വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ജയാ ശ്രീധർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *