സ്കൂൾ വിദ്യാർഥികൾക്ക് വ്യവസായ സ്ഥാപനങ്ങൾ സന്ദർശിക്കുന്ന ഇൻഡസ്ട്രിയൽ വിസിറ്റ് പ്രോഗ്രാമിന് കെ.എസ്.ആർ.ടി.സി. തുടക്കം കുറിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. ഉച്ച ഭക്ഷണം ഉൾപ്പെടുന്ന ഇൻഡസ്ട്രിയൽ വിസിറ്റിന് 500 രൂപയിൽ താഴെയായിരിക്കും ചാർജ് ഈടാക്കുക.
രാവിലെ പുറപ്പെട്ട് വൈകിട്ട് തിരികെ എത്തുന്ന രീതിയിലാണ് ക്രമീകരണം. വ്യവസായ സ്ഥാപനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിന് പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനം ഉപയോഗിക്കും. അടുത്തഘട്ടത്തിൽ കോളേജ് വിദ്യാർഥികൾക്കുൾപ്പെടെ ഈ സേവനം ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
112 കേന്ദ്രങ്ങളിൽ നിന്നും ശബരിമല ബജറ്റ് ടൂറിസം പദ്ധതിക്കും കെ.എസ്.ആർ.ടി.സിയിൽ തുടക്കമായി. ശബരിമല ദർശനം കഴിഞ്ഞ് തിരികെ എത്തിക്കുന്ന രീതിയിൽ ക്ഷേത്രങ്ങൾ ക്രേന്ദ്രീകരിച്ചാണ് സർവീസുകൾ ആരംഭിക്കുക. ബുക്കിങിനനുസരിച്ച് കൂടുതൽ ബസുകൾ ക്രമീകരിക്കാനും കഴിയുമെന്ന് മന്ത്രി അറിയിച്ചു.
