ടെഹ്‌റാന്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം വീണ്ടും രൂക്ഷമായി. അമേരിക്കയുടെ സൈനിക നടപടികള്‍ ശക്തമായതിനെ തുടര്‍ന്ന് ഹോര്‍മൂസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാന്‍ പ്രഖ്യാപിച്ചു. അമേരിക്ക മേഖലയില്‍ ഇടപെടല്‍ അവസാനിപ്പിക്കുന്നതുവരെ കടലിടുക്ക് അടച്ചിടുമെന്നാണ് ഇറാന്റെ നിലപാട്.

ഹോര്‍മൂസ് കടലിടുക്ക് അടച്ചതിന് പിന്നാലെ ഇറാനിലെ വിവിധ സൈനിക ലക്ഷ്യങ്ങള്‍ക്കുനേരെ അമേരിക്ക മൂന്നാംഘട്ട വ്യോമാക്രമണം നടത്തി. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ശക്തമായ ആക്രമണങ്ങളിലൊന്നാണിതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണം നടന്ന കൃത്യമായ സ്ഥലങ്ങള്‍ യുഎസ് സൈന്യം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

ഇറാന്റെ തെക്കന്‍ തീരപ്രദേശങ്ങളായ അസലുയെ, ഡെയര്‍, ബുഷെഹര്‍, ബന്ദര്‍ അബ്ബാസ്, സിറിക് എന്നിവിടങ്ങളില്‍ സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.അനുമതിയില്ലാത്ത പാതയിലൂടെ ഹോര്‍മൂസ് കടലിടുക്ക് കടക്കാന്‍ ശ്രമിച്ച കപ്പലിന് നേരെ ഐആര്‍ജിസി (ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ്) നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് കടലിടുക്ക് “അടുത്ത അറിയിപ്പ് വരെയും” അടച്ചതായി ഇറാന്‍ പ്രഖ്യാപിച്ചത്.

ഏത് തിരിച്ചടിയും കടുത്ത പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന മുന്നറിയിപ്പും ഇറാന്‍ അമേരിക്കയ്ക്ക് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *