ഫാക്ടറി കെട്ടിട നിർമ്മാണത്തിനെന്ന പേരിൽ അനുമതി വാങ്ങി കാഞ്ഞിരപ്പള്ളിയിൽ വ്യാപകമായി അനധികൃത പാറഖനനം നടക്കുന്നതായി പരാതി. നിർമ്മാണ പ്രവർത്തനങ്ങളുടെ മറവിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന പാറയാണ് ഇവിടെ നിന്നും കടത്തിക്കൊണ്ടുപോയത്. ഖനനത്തിന് ശേഷം പുറംലോകം അറിയാതിരിക്കാനും അധികൃതരുടെ കണ്ണിൽ പെടാതിരിക്കാനുമായി ഈ ഭാഗങ്ങൾ വൻതോതിൽ മണ്ണിട്ട് മൂടുകയാണ് ചെയ്യുന്നത്. ഇതിന് പിന്നിൽ വൻകിട പാറമട മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നാണ് നാട്ടുകാർ സംശയിക്കുന്നത്.

ഈ നിയമലംഘനം റിപ്പോർട്ട് ചെയ്യാനായി സ്ഥലത്തെത്തിയ മാധ്യമപ്രവർത്തകരെ പണം നൽകി സ്വാധീനിക്കാൻ മാഫിയാ സംഘം ശ്രമിച്ചു. ‘ വാർത്ത പുറത്തുവിടരുത്, മുതലാളിയുടെ നമ്പർ തരാം ഒന്ന് വിളിക്കണം.. നമുക്ക് വേണ്ട രീതിയിൽ കാണാം എന്നാണ് ഇവർ റിപ്പോർട്ടർമാരോട് പറഞ്ഞത്..’ എന്നാൽ പണം വാങ്ങി ഇത്തരം നഗ്നമായ നിയമലംഘനങ്ങൾക്കും പരിസ്ഥിതി ചൂഷണങ്ങൾക്കും കൂട്ടുനിൽക്കില്ലെന്ന് സ്ഥലത്തുണ്ടായിരുന്ന ‘ക്രിട്ടിക്കൽ ടൈംസ് ന്യൂസ്’ റിപ്പോർട്ടർമാർ ശക്തമായ നിലപാടെടുത്തു. മാഫിയാ സംഘത്തിന്റെ സ്വാധീനത്തിനും പ്രലോഭനങ്ങൾക്കും വഴങ്ങാതെ സത്യസന്ധമായി വാർത്ത പുറത്തുവിടുമെന്ന് റിപ്പോർട്ടർമാർ വ്യക്തമാക്കി.

പ്രദേശത്ത് വലിയ തോതിൽ മണ്ണുമാന്തി യന്ത്രങ്ങളും മറ്റ് അത്യാധുനിക സജ്ജീകരണങ്ങളും ഉപയോഗിച്ചാണ് പാറ പൊട്ടിക്കലും മണ്ണ് മാറ്റലും പുരോഗമിക്കുന്നത്. നിലവിൽ പാറ ഖനനം ചെയ്ത ഭാഗങ്ങളിൽ ഭൂരിഭാഗവും മണ്ണടിച്ച് നിരപ്പാക്കിയ നിലയിലാണ്. നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട് ജനവാസ മേഖലയ്ക്ക് സമീപം നടക്കുന്ന ഈ നീക്കം പ്രദേശത്തെ പരിസ്ഥിതിക്കും ജനങ്ങളുടെ ജീവനും സ്വത്തിനും വൻ ഭീഷണിയായി മാറിയിരിക്കുകയാണ്.

വിഷയത്തിൽ നാട്ടുകാർ പലതവണ പരാതിപ്പെട്ടിട്ടും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. മാധ്യമപ്രവർത്തകരെ പോലും പണം കൊടുത്ത് വായ്മൂടിക്കെട്ടാൻ ശ്രമിക്കുന്ന ഈ മാഫിയാ സംഘത്തിന് ഉന്നതരുടെ ഒത്താശ ലഭിക്കുന്നുണ്ടോ എന്ന് ശക്തമായ സംശയമുണ്ട്. വൻ പരിസ്ഥിതി ആഘാതത്തിന് കാരണമായേക്കാവുന്ന ഈ അനധികൃത ഖനനം ഉടനടി നിർത്തിവെക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

You missed