തലശേരിയിൽ ഡോക്ടറുടെ വീട്ടിൽനിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടിയ സംഭവത്തിൽ പോക്സോ കേസ് പ്രതിയുമായുള്ള ബന്ധം ഒതുക്കിത്തീർക്കാൻ ഉന്നതതലത്തിൽ രഹസ്യനീക്കം നടക്കുന്നതായി ആരോപണം. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറായ തിരുവങ്ങാട് മൂന്നാം ഗേറ്റിന് സമീപത്തെ അഖിൽ സജിയുടെ വാടകവീട്ടിൽനിന്നാണ് ലഹരിമരുന്ന് കണ്ടെടുത്തത്. എന്നാൽ, പിടികൂടിയ എംഡിഎംഎയുടെ അളവ് കുറവാണെന്ന് ചൂണ്ടിക്കാട്ടി ഡോക്ടർക്ക് നോട്ടീസ് നൽകി അയച്ച പൊലീസ് നടപടിയാണ് ഇപ്പോൾ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. കോൺഗ്രസ് ഭരണത്തിലുള്ളതും ഡിസിസി ഭാരവാഹി ചെയർമാനുമായ ആശുപത്രിയിലാണ് ഇയാൾ ജോലി ചെയ്യുന്നത്. സംഭവത്തിൽ വലിയ രാഷ്ട്രീയ ഇടപെടൽ നടന്നിട്ടുണ്ടെന്നാണ് ഉയർന്നുവരുന്ന പ്രധാന ആരോപണം.പതിനഞ്ചുകാരനായ വിദ്യാർഥിയെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയിൽ നിന്ന് ലഭിച്ച നിർണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഡോക്ടറുടെ വീട്ടിൽ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് കഞ്ചാവും എംഡിഎംഎയും കണ്ടെടുത്തത്. ലഹരികേസുകളിൽ പിടിയിലാകുന്നവരെ സാധാരണയായി കോടതിയിൽ ഹാജരാക്കാറുള്ള പൊലീസ്, ഈ കേസിൽ ഡോക്ടറെ വെറുതെവിട്ടത് എന്തുകൊണ്ടാണെന്ന ചോദ്യം സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയായിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *