ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. കളിച്ച എട്ട് മത്സരങ്ങളിൽ ആറിലും തോറ്റാണ് ചെന്നൈയും ഹൈദരാബാദും ഇന്ന് നേർക്കുനേർ ഇറങ്ങുന്നത്. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താൻ ഇരുടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വൈകീട്ട് 7.30നാണ് മത്സരം.

ഐപിഎല്ലിലെ ഫേവറേറ്റ് ടീമുകൾക്ക് പ്ലേ ഓഫ് പ്രതീക്ഷ കാക്കണമെങ്കിൽ ഇനിയുള്ള മത്സരങ്ങളെല്ലാം ജയിച്ചേ തീരൂ. മുംബൈ ഇന്ത്യൻസിനോട് വമ്പൻ തോൽവി നേരിട്ടാണ് ഇരു ടീമുകളും ചെപ്പോക്കിലിറങ്ങുന്നത്. ക്യാപ്റ്റനായി ധോണി തിരികെയെത്തിയ സീസണില്‍ പ്ലേ ഓഫിലെത്താതെ ചെന്നൈ മടങ്ങുന്നത് ആരാധകർക്ക് സങ്കൽപ്പിക്കാൻ പോലും ആകില്ല. അതുകൊണ്ട് തന്നെ ഹൈദരാബാദിനെതിരെ ധോണിക്കും സംഘത്തിനും ഇത് ജീവൻമരണ പോരാട്ടം തന്നെയാണ്.

സീസണ്‍ പകുതി പിന്നിട്ടിട്ടും മികച്ച പ്ലേയിം​ഗ് ഇലവനെ കണ്ടെത്താനാകാത്തതാണ് ചെന്നൈയുടെ വെല്ലുവിളി. മുംബൈക്കെതിരെ ജഡേജയും ശിവം ദുബെയും ഫോമിലെത്തിയത് മാത്രമാണ് ഏക പ്രതീക്ഷ. യുവതാരം ആയുഷ് മാത്രെയും രചിൻ രവീന്ദ്രയും തകർത്തടിക്കണം. മൂർച്ച ഇല്ലാത്ത ബൗളിംഗ് യൂണിറ്റിൽ ഇന്ന് മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ ജഡേജ-അശ്വിൻ സ്പെല്ലുകൾ നിർണായകമാകും.

എതിരാളികളെ വിറപ്പിച്ചിരുന്ന ഹൈദരാബാദിന് ഇതെന്തു പറ്റിയെന്നാണ് ആരാധകർ ചിന്തിക്കുന്നത്. അപകടകാരികളായ ബാറ്റിംഗ് നിര വെറും കടലാസ് പുലികളായി. പാറ്റ് കമ്മിൻസിന്റെ ക്യാപ്റ്റൻസിക്കെതിരെയും ചോദ്യങ്ങളുയരുന്നു. മുംബൈക്കെതിരെ തകർത്തടിച്ച ഹെൻറിച്ച് ക്ലാസന്റെ ബാറ്റിംഗിലേക്കാണ് ആരാധകർ ഉറ്റുനോക്കുന്നത്. ചെന്നൈക്കിതിരെ മികച്ച ബാറ്റിംഗ് റെക്കോർഡും ക്ലാസനുണ്ട്. ട്രാവിസ് ഹെഡും അഭിഷേകും മികച്ച തുടക്കവും നൽകണം. മുഹമ്മദ് ഷമി ടീമിലേക്ക് തിരിച്ചെത്തിയേക്കുമെന്നാണ് സൂചന.

ഐപിഎൽ ബലാബലത്തിൽ ചെന്നൈക്ക് വ്യക്തമായ മുൻതൂക്കമുണ്ട്. ഇരുടീമുകളും 21 മത്സരങ്ങളിലാണ് നേർക്കുനേർ വന്നത്. ഇതിൽ പതിനഞ്ചിലും ജയം ചെന്നൈക്കൊപ്പമായിരുന്നു. ചെപ്പോക്കിൽ തവണ പോലും ഹൈദരാബാദിന് ജയിക്കാനായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *