ചങ്ങനാശ്ശേരി: പണം വച്ച് പന്നിമലർത്ത് എന്ന ചീട്ടുകളിയിൽ ഏർപ്പെട്ടിരുന്ന ഒമ്പത് പേരെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ഏകദേശം 3.5 ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു. ഇന്ന് വൈകിട്ട് 5.50 ഓടെ പായിപ്പാട് വില്ലേജിലെ നാലുകോടി പോസ്റ്റ് അതിർത്തിയിൽ തേവർനട ഭാഗത്ത്, തേവർനട ക്ഷേത്രത്തിന് എതിർവശത്തായി സ്ഥിതി ചെയ്യുന്ന ആശാരിപ്പറമ്പിൽ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ചീട്ടുകളി സംഘം പോലീസിന്റെ പിടിയിലായത്.

ബിന്ദു പ്രസാദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വീടിന്റെ ഹാളിൽ പ്രതികൾ വിനോദത്തിനോ മത്സരത്തിനോ അല്ലാതെ അമിത ലാഭം ലക്ഷ്യമിട്ട് പണം വച്ച് പന്നിമലർത്ത് ചീട്ടുകളിയിൽ ഏർപ്പെട്ടിരിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ കയ്യോടെ പിടികൂടിയത്.
സംഭവത്തിൽ തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഒമ്പത് പ്രതികളെയും അറസ്റ്റ് ചെയ്തു. സ്ഥലത്ത് നിന്ന് ഏകദേശം 3.5 ലക്ഷം രൂപയും ചീട്ടുകളിക്കായി ഉപയോഗിച്ച സാമഗ്രികളും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കും.


