തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെതിരായ യുഡിഎഫ് കൺവീനറുടെ പരസ്യവിമർശനത്തിൽ കോൺഗ്രസിൽ കടുത്ത പ്രതിസന്ധി. കെപിസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തിയുള്ള വിമർശനത്തിൽ സതീശൻ ചേരിക്ക് വലിയ അമർഷമാണ്. എം കെ മുനീറിൻ്റെ പദവിയിൽ നേരത്തെ ധാരണയുണ്ടായിട്ടും അനാവശ്യ വിവാദമുണ്ടാക്കിയെന്നാണ് വിമർശനം. അതേസമയം, മുഖ്യമന്ത്രി കൂടിയാലോചന നടത്തുന്നില്ലെന്ന പരാതി പ്രകാശിന് മാത്രമല്ല ഉള്ളത്.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നാലാം മാസത്തിൽ മുഖ്യമന്ത്രി വിഡി സതീശന്‍റെ ശൈലിക്കെതിരെ മുന്നണി കണ്‍വീനറിൽ നിന്ന് തന്നെ പരസ്യവിമര്‍ശനം ഉയരുകയാണ് ഉണ്ടായത്. പാര്‍ട്ടിയിൽ പറയേണ്ടത് പരസ്യമായി പറയില്ലെന്ന് പ്രതികരിച്ച എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്‍റെ വാക്കുകളിലും അതൃപ്തിയുടെ സൂചനയുണ്ട്. അഭിപ്രായം പറയേണ്ട ചില കാര്യങ്ങളാണ് നടക്കുന്നുവെന്ന് യുഡിഎഫ് മുന്‍ കണ്‍വീനര്‍ ബെന്നി ബെഹ്നാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കെപിസിസി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം വിളിച്ച് യുഡിഎഫ് ചെയര്‍മാനായ മുഖ്യമന്ത്രിക്കെതിരെ മുന്നണി കണ്‍വീനര്‍ തുറന്നടിക്കുന്ന അസാധാരണ സാഹചര്യമാണ് ഉണ്ടായത്. കൂടിയാലോചനയില്ലാതെ തീരുമാനങ്ങള്‍ എടുക്കുന്നു, ചര്‍ച്ചകളിൽ പങ്കാളിത്തമില്ല, യുഡിഎഫ് യോഗം വിളിക്കുന്നില്ല, സുതാര്യതയില്ല തുടങ്ങിയവയാണ് പരസ്യവിമര്‍ശനങ്ങള്‍. വാക്കാൽ മാധ്യമങ്ങളോട് പറഞ്ഞത് കത്തിലൂടെ അടൂര്‍ പ്രകാശ് എഐസിസിയെ അറിയിക്കും. കണ്‍വീനര്‍ സ്ഥാനത്ത് ഇനി തുടരണോയെന്ന് ഹൈക്കമാൻഡ് തീരുമാനിക്കട്ടയെന്നാണ് പ്രകാശിന്‍റെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *