കൊച്ചി: ചേരാനെല്ലൂരില്‍ പതിനേഴുകാരന്‍ ഓടിച്ച കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി. എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. സിഐ ശ്യാംകുമാര്‍, എസ്എച്ച്ഒ വിശ്വജിത്ത്, സിപിഒ അരുണ്‍, എഎസ്‌ഐ മനോജ് എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

അപകടം നടന്ന അന്ന് കാര്‍ ഓടിച്ച ജഡ്ജിയുടെ മകനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ ആണ് അപകടത്തില്‍ മരിച്ചത്. ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്നാണ് പതിനേഴുകാരനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താൻ പൊലീസ് തീരുമാനിച്ചത്.

ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരമാണ് എഡിജിപി നേരിട്ട് ചേരാനെല്ലൂരിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയത്. നിലവില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. ചേരാനല്ലൂര്‍ അപകടം കൈകാര്യം ചെയ്തതില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞിരുന്നു. പൊലീസ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതിനെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും സര്‍ക്കാറിനില്ല. ജഡ്ജിയുടെ മകനല്ല, ആരുടെ മകനായാലും നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. പൊലീസ് ഉദ്യോഗസ്ഥര്‍ കാണിച്ചത് തെറ്റാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *