നാടിനെ നടുക്കിയ പാളയം ബിജു വധക്കേസിൽ നിർണ്ണായകമായ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. സ്കൂട്ടറിലെത്തിയ പ്രതി ദീപക് കേവലം 12 മിനിറ്റിനുള്ളിൽ കൃത്യം നിർവ്വഹിച്ച് മടങ്ങിയതായി വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കേസിൽ ചൊവ്വാഴ്ച അറസ്റ്റിലായ ദീപക്കിനെ കോടതി റിമാൻഡ് ചെയ്തു. കേസിന്റെ കൂടുതൽ തെളിവെടുപ്പിനായി ഇയാളെ ഉടൻ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. പാളയം ബസ് സ്റ്റാൻഡിന് പിന്നിലുള്ള ഒറ്റമുറി വീട്ടിൽ വെച്ചാണ് ഞായറാഴ്ച പുലർച്ചെ ദാരുണമായ കൊലപാതകം നടന്നത്. അച്ഛന്റെ സ്കൂട്ടറുമായെത്തിയ ദീപക് കൃത്യത്തിന് ശേഷം ധരിച്ചിരുന്ന വസ്ത്രങ്ങൾ കത്തിച്ച് തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. കൊലപാതകം നടത്തി കഴിഞ്ഞ് ബിജുവിന്റെ സംസ്‌കാര ചടങ്ങുകളിൽ കയ്യേറ്റ പരിക്കുകളോടെ ദീപക് പങ്കെടുത്തത് സംശയം വർദ്ധിപ്പിച്ചിരുന്നു. പുലർച്ചെ മൂന്ന് മണിയോടെ പശുവിനെ കറക്കാൻ മകനെ വിളിക്കാനെത്തിയ അമ്മയാണ് രക്തത്തിൽ കുളിച്ച നിലയിൽ ബിജുവിന്റെ മൃതദേഹം കട്ടിലിൽ കണ്ടെത്തിയത്.

ലഹരിക്ക് അടിമയായ ദീപക്കിനെ ബിജു സ്വന്തം സഹോദരനെപ്പോലെയാണ് കണ്ടിരുന്നതെന്നും എന്നാൽ ആ സ്നേഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ബിജുവിന്റെ അളിയൻ സജേഷ് ടി. മാധ്യമങ്ങളോട് പറഞ്ഞു. നിരന്തരം എംഡിഎംഎ ഉപയോഗിക്കുന്ന ആളാണ് ദീപക്. മുൻപ് തിരൂരിലെ ലഹരിമുക്തി കേന്ദ്രത്തിൽ കൊണ്ടുപോയെങ്കിലും അവിടെ നിന്ന് ഇറങ്ങിയ ശേഷം വീണ്ടും പഴയപടിയായി. ലഹരിയിൽ നിന്ന് മോചിപ്പിക്കാൻ ബിജു നിരന്തരം ഇടപെട്ടിരുന്നു. ഇതോടെ ലഹരിമുക്തിക്ക് നിർദ്ദേശിച്ച ആളുകളോട് ദീപക്കിന് കടുത്ത പകയായി. ലഹരി കിട്ടാതെ വരുമ്പോൾ കാണിക്കുന്ന അക്രമാസക്തതയാണ് ഇതിന് കാരണം. സ്വന്തം അച്ഛനെയും സഹോദരനെയും വരെ ഇയാൾ മുൻപ് വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു,” – സജേഷ് പറഞ്ഞു.

മാരകമായ ആയുധം കൊണ്ടുള്ള ആക്രമണത്തിൽ കടുത്ത രക്തസ്രാവം ഉണ്ടായതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ബിജുവിന്റെ ശരീരത്തിൽ 45 മുറിവുകളാണുണ്ടായിരുന്നത്. ഇതിൽ 18 മുറിവുകളും കഴുത്തിലാണ്. കരൾ രോഗം കാരണം ശാരീരികമായി തളർന്നു കിടപ്പിലായിരുന്ന ബിജുവിനെ ഉറക്കത്തിൽ വെച്ച് പെട്ടെന്ന് ആക്രമിച്ചതിനാൽ പ്രതിരോധിക്കാൻ കഴിഞ്ഞില്ലെന്നാണ് പൊലീസ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *