വാഹനം ലഭിക്കാത്തതിനാൽ ആശുപത്രിയിലെത്താൻ വൈകിയതിനെ തുടർന്ന് ഗർഭപാത്രം പൊട്ടി കുഞ്ഞ് അമ്മയുടെ വയറിനുള്ളിലെ ആന്തരാവയവങ്ങൾക്കിടയിൽ കുടുങ്ങിയ നിലയിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ച 25കാരിയായ ആദിവാസി യുവതിയുടെ ജീവൻ അതിസാഹസികമായ അടിയന്തര ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി. ചുങ്കത്തറ പള്ളിക്കുത്ത് ചീരക്കുഴി ഉന്നതി കോളനിയിലെ യുവതിയാണ് അപൂർവവും അതീവ ഗുരുതരവുമായ ഈ അവസ്ഥയെ അതിജീവിച്ചത്. ഗുരുതരാവസ്ഥയിൽ പുറത്തെടുത്ത നവജാത ശിശുവിനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
പ്രസവവേദന ആരംഭിച്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും വാഹനം ലഭിക്കാതിരുന്നതിനാൽ ആശുപത്രിയിലെത്താൻ കഴിഞ്ഞില്ലെന്ന് യുവതിയുടെ ഭർത്താവ് ഡോക്ടർമാരെ അറിയിച്ചു. രണ്ട് സിസേറിയൻ ശസ്ത്രക്രിയകൾക്ക് മുമ്പ് വിധേയയായിരുന്ന യുവതിയെ ജൂലൈ 20ന് രാവിലെ 10.40ഓടെയാണ് ഓട്ടോറിക്ഷയിൽ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെത്തിച്ചത്. ഗർഭകാല പരിശോധനാ രേഖകളോ രക്തഗ്രൂപ്പിനെക്കുറിച്ചുള്ള വിവരങ്ങളോ ഇവരുടെ കൈവശമുണ്ടായിരുന്നില്ല.

