കാഞ്ഞിരപ്പള്ളി: ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി, കൊറിയർ സർവീസ് വഴി ഡൽഹിയിൽ നിന്ന് ഷെഡ്യൂൾ H വിഭാഗത്തിൽപ്പെടുന്ന മരുന്നുകൾ ഓൺലൈനായി വരുത്തി ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ വിതരണം ചെയ്തിരുന്ന പൊൻകുന്നം ചിറക്കടവ് ശാന്തിഗ്രാം എട്ടുവേലിൽ വീട്ടിൽ അമീർഖാൻ ഇ.എസ്. (27) എന്ന യുവാവിനെ കാഞ്ഞിരപ്പള്ളി പോലീസ് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ, ഒരു കൊറിയർ സർവീസ് സെന്ററിൽ എത്തിയ പാർസൽ കൈപ്പറ്റാനെത്തിയപ്പോഴാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പരിശോധനയിൽ 80 വയലുകൾ അടങ്ങിയ പാർസൽ പിടിച്ചെടുത്തു.

പോലീസിന്റെ അന്വേഷണത്തിൽ, ജിമ്മുകളിലും വടംവലി മത്സരങ്ങളിലും പങ്കെടുക്കുന്നവരാണ് ഇയാളുടെ പ്രധാന ഉപഭോക്താക്കളെന്ന് കണ്ടെത്തി. ഒരു വയൽ 500 രൂപ നിരക്കിൽ വിറ്റിരുന്ന ഇയാൾ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏകദേശം 1.75 ലക്ഷം രൂപയുടെ മരുന്നുകൾ വാങ്ങി വിതരണം ചെയ്തതായും, മുൻപ് കഞ്ചാവ് കടത്തിയ കേസിലും പ്രതിയായിരുന്നുവെന്നും പോലീസ് അറിയിച്ചു. പിടിച്ചെടുത്ത മരുന്നുകളും പ്രതിയെയും തുടർനടപടികൾക്കായി കോട്ടയം ജില്ലാ ഡ്രഗ് ഇൻസ്പെക്ടർമാർക്ക് കൈമാറി.

കോട്ടയം ജില്ലാ പോലീസ് മേധാവി കെ. എം. സാബു മാത്യു, IPS-യുടെ നിർദ്ദേശാനുസരണവും കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വിശാൽ ജോൺസന്റെ മേൽനോട്ടത്തിലും കാഞ്ഞിരപ്പള്ളി ഇൻസ്പെക്ടർ സി. കെ. മനോജ്, എസ്.ഐമാരായ ഗോകുൽ ജി., ഷിജു എസ്. എസ്., രംഗനാഥൻ, എ.എസ്.ഐ പ്രദീപ്, സി.പി.ഒമാരായ സുജിത് എം. വി., രാഹുൽ ബാബു, അരുൺ ബേബി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി ഷെഡ്യൂൾ H വിഭാഗത്തിൽപ്പെട്ട മരുന്നുകൾ പിടിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *