മുണ്ടക്കയം: സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ തൂഫാൻ പരിശോധനകൾ ശക്തമാക്കിയിട്ടും കൂട്ടിക്കലിലും പരിസര പ്രദേശങ്ങളിലും ലഹരി മാഫിയയുടെ സ്വാധീനം വർധിക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം രാത്രി പഴയ പോലീസ് എയ്ഡ് പോസ്റ്റിന് സമീപം പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ സാമൂഹ്യവിരുദ്ധർ അഗ്നിക്കിരയാക്കി. കൂട്ടിക്കൽ കരിപ്പായി സ്വദേശിയായ റസാഖിന്റെ (ബാബു) ഓട്ടോറിക്ഷയാണ് പൂർണമായും കത്തി നശിച്ചത്.

സംഭവത്തിന് പിന്നിൽ ലഹരി മാഫിയയാണെന്ന ആക്ഷേപം നാട്ടുകാർ ഉയർത്തുന്നു. ബാബുവിന്റെ മകൻ ഇബ്രാഹിം കഴിഞ്ഞ ദിവസം വീട്ടിൽ ഗ്യാസ് സിലിണ്ടർ തുറന്നുവച്ച് ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. തുടർന്ന് മുണ്ടക്കയം പോലീസും കാഞ്ഞിരപ്പള്ളി ഫയർഫോഴ്സും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ യുവാവിനെ കീഴ്പ്പെടുത്തി. പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ചെളിക്കുഴിക്ക് സമീപത്ത് വച്ച് ഇയാൾ ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചതായും പറയുന്നു.

എന്നാൽ ഭീതിജനക സാഹചര്യം സൃഷ്ടിച്ചിട്ടും യുവാവിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും കേസ് രജിസ്റ്റർ ചെയ്യാതിരുന്നതാണ് മേഖലയിൽ വീണ്ടും അനിഷ്ട സംഭവങ്ങൾക്ക് വഴിവെച്ചതെന്നും നാട്ടുകാർ ആരോപിച്ചു. രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണ് മേഖലയിലെന്നും ലഹരി സംഘങ്ങൾക്കെതിരെ പോലീസ്, എക്സൈസ് വിഭാഗങ്ങൾ ശക്തമായ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *