കോട്ടയം: കോളിളക്കം സൃഷ്ടിച്ച പുതുപ്പള്ളിയിലെ ഓട്ടോ ഡ്രൈവർ എബ്രഹാം മാത്യു എന്ന സിജുവിനെ കോടാലിക്ക് വെട്ടി കൊലപ്പെടുത്തി എന്ന കേസിൽ കുറ്റാരോപിതയായ ഭാര്യ റോസന്നയെ വെറുതെ വിട്ടുകൊണ്ട് കോട്ടയം അഡീഷണൽ സെഷൻസ് കോടതി (സ്പെഷ്യൽ) ജഡ്ജ് എസ്. സുഭാഷ് വിധി പ്രസ്താവിച്ചു.

2021 ഡിസംബർ മാസം പതിനാലാം തീയതി വെളുപ്പിന് നാലുമണിയോടെ പ്രതിയുടെ ഭാര്യയും കുറ്റാരോപിതയുമായ റോസന്ന ഉറങ്ങിക്കിടന്ന ഭർത്താവിനെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തിയെന്നാണ് കോട്ടയം ഈസ്റ്റ് പോലീസ് ചാർജ് ചെയ്ത കേസിൽ പ്രോസിക്യൂഷൻ ആരോപിച്ചത്.

സംഭവത്തിൽ ദമ്പതികളുടെ ആറുവയസ്സുള്ള ഏക പുത്രൻ ദൃക്സാക്ഷിയായിരുന്നു. കൃത്യം നടത്തിയതിനുശേഷം പ്രതിയായ റോസന്ന മണർകാട് പള്ളിയിലും ബാങ്കിലും പോയിരുന്നു എന്നും ബാങ്കിൽ ലോക്കർ ഉപയോഗിച്ചിരുന്നുവെന്നും പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. കുറ്റാരോപിതയായ റോസന്നയ്ക്ക് മാനസി ആരോഗ്യമില്ലായിരുന്നുവെന്നും അത് സംബന്ധിച്ച് ചികിത്സയിലായിരുന്നുവെന്നും റോസന്നയ്ക്ക് താൻ ചെയ്യുന്ന പ്രവൃത്തിയുടെ ഗൗരവം മനസ്സിലാക്കാനുള്ള ശേഷിയില്ലായിരുന്നു എന്നാണ് പ്രതിഭാഗം വാദിച്ചത്.

പ്രതിഭാഗത്തിന്റെ വാദം ശരി വെച്ച കോടതി കൃത്യസമയത്ത് റോസന്നയ്ക്ക് മാനസികാരോഗ്യം പൂർണ്ണ തൃപ്തികരമായിരുന്നു എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല എന്ന് കണ്ടെത്തി. അതേത്തുടർന്ന് ഇന്ത്യൻ ശിക്ഷാനിയമത്തിലെ മനോനില തകരാറിലായ സമയത്ത് ചെയ്ത കുറ്റകൃത്യത്തിനുള്ള ആനുകൂല്യം നൽകി കുറ്റാരോപിതയെ വെറുതെ വിടുകയായിരുന്നു.


