എംഎൽഎമാരായി സത്യപ്രതിജ്‌ഞ ചെയ്‌ത രാഹുൽ മാങ്കൂട്ടത്തിലിനും യു.ആർ. പ്രദീപിനും സ്പീക്കർ എൻ.എൻ.ഷംസീറിന്റെ സമ്മാനം നീല ട്രോളി ബാഗ്.
പാലക്കാട്ട് ഉപതിരഞ്ഞെടുപ്പിനിടെ കോൺഗ്രസ് നീല ട്രോളി ബാഗിൽ കള്ളപ്പണം കൊണ്ടുവന്നെന്നു സിപിഎം ആരോപിച്ചിരുന്നു. ഈ വിവാദത്തിൽ സിപിഎമ്മിൽനിന്ന് ഏറ്റവും കൂടുതൽ വിമർശനം നേരിടേണ്ടിവന്ന രാഹുലിന് ഉൾപ്പെടെ നീല ട്രോളി ബാഗ് സ്പീക്കർ സമ്മാനമായി നൽകിയത് ചർച്ചയായി.

കള്ളപ്പണം കൊണ്ടുവന്നെന്ന ആരോപണം തെളിയിക്കാൻ സിപിഎമ്മിനെ കോൺഗ്രസ് വെല്ലുവിളിച്ചിരുന്നു. പക്ഷേ, അന്വേഷണത്തിൽ ഒന്നും കണ്ടെത്താനായില്ല. ഭരണഘടന, നിയമസഭാ ചട്ടങ്ങൾ എന്നിവ സംബന്ധിച്ച പുസ്‌തകങ്ങൾ ഉൾപ്പെടെയുള്ളവയാണു സ്‌പീക്കർ സമ്മാനമായി നൽകിയ ബാഗിലുള്ളത്. എല്ലാ പുതിയ എംഎൽഎമാർക്കും ബാഗ് നൽകാറുണ്ടെന്നും ഇത്തവണ ആകസ്മികമായി നീല നിറം ആയതാണെന്നും സ്പീക്കറുടെ ഓഫിസ് വിശദീകരിച്ചു.

ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച രാഹുൽ മാങ്കൂട്ടത്തിലും (പാലക്കാട്) യു.ആർ.പ്രദീപും (ചേലക്കര) നിയമസഭാ സാമാജികരായി ഉച്ചയ്ക്കാണ് സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭയിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ 12നു സ്‌പീക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
