തിരുവനന്തപുരം: സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അന്വേഷണമാകാമെന്ന് എജിയുടെ നിയമോപദേശം. അന്വേഷണം ഏത് ഏജന്‍സി നടത്തണമെന്ന കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാം. സുപ്രീം കോടതി അടക്കം വിവിധ കോടതി ഉത്തരവുകള്‍ സഹിതമാണ് എജിയുടെ നിയമോപദേശം. ഇഡിയുടെ കത്തിലെ വസ്തുതകള്‍ അന്വേഷണത്തിന് പര്യാപ്തമാണെന്നും എജി നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു

പിണറായിക്കും റിയാസിനുമെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഇഡി നല്കിയ കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയത്. അഴിമതി തടയല്‍ നിയമം 66(2) വകുപ്പ് പ്രകാരം കേസില്‍ സമാഹരിച്ച തെളിവുകള്‍ ഉള്‍പ്പെടുത്തി വിശദമായ റിപ്പോര്‍ട്ടും ഇഡി ഡിജിപിക്ക് നല്‍കിയിരുന്നു ഇതിന്റെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഇഡിയുടെ ആവശ്യം.

കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലും ഓഫിസിലും ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ നിര്‍ണായകമായ പല രേഖകള്‍ കണ്ടെത്തിയതായി ഇഡി സ്ഥിരികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും കേസില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇഡി പൊലീസ് മേധാവിക്കു കത്തയച്ചത്.

