സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീം ഇന്ന് മോചിതനാകില്ലെന്ന് റിപ്പോര്‍ട്ട്. മോചനത്തിനായുള്ള എക്സിറ്റ് ഉത്തരവ് ഇന്ന് പുറത്തിറങ്ങിയില്ല. കോടതി വിധിച്ച 20 വര്‍ഷത്തെ തടവുശിക്ഷ ഇന്ന് അവസാനിച്ച പശ്ചാത്തലത്തില്‍ ഇന്ന് തന്നെ എക്സിറ്റ് വിസ നേടി നാട്ടിലെത്താനായിരുന്നു ശ്രമം.

ബലിപെരുന്നാള്‍ അവധിക്ക് മുന്‍പ് റഹീമിനെ നാട്ടിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ അതിവേഗ നീക്കങ്ങളാണ് റിയാദില്‍ പുരോഗമിക്കുന്നത്. എന്നാല്‍ നാളെയും എക്സിറ്റ് ലഭിച്ചില്ലെങ്കില്‍ പെരുന്നാള്‍ അവധിക്ക് ശേഷം മാത്രമേ മോചനം സാധ്യമാകൂ എന്നും ആശങ്കയുണ്ട്.

ശിക്ഷാകാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ റഹീമിനെ ഫൈനല്‍ എക്സിറ്റ് കാത്തിരിക്കുന്നവര്‍ക്കായുള്ള പ്രത്യേക തടവുകേന്ദ്രത്തിലേക്ക് മാറ്റും. ഇവിടെ നിന്നായിരിക്കും തുടര്‍ന്നുള്ള നടപടികള്‍. യാത്രയ്ക്കായി ഇന്ത്യന്‍ എംബസി അനുവദിച്ച താല്‍ക്കാലിക പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് നിലവില്‍ എക്സിറ്റിനായി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. നാളെ അനുമതിപത്രം ലഭിച്ചാല്‍ റഹീമിന് ഉടന്‍ തന്നെ നാട്ടിലേക്ക് വിമാനം കയറാനാകും.


