മലപ്പുറം: ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് 17 വയസ്സുകാരിക്ക് വൃക്കരോഗം ബാധിച്ചെന്ന പരാതിയിൽ അരീക്കോട് പോലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെ വീട്ടിലെത്തിയ ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിക്കുകയും ഉപയോഗിച്ചിരുന്ന ക്രീമിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിക്കുകയും ചെയ്തു. ക്രീമിലെ അമിതമായ മെർക്കുറിയുടെ സാന്നിധ്യമാണ് രോഗത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ഒരു വർഷത്തോളമായി ഉപയോഗിച്ചിരുന്ന ക്രീമിൽ നിന്നാണ് മെർക്കുറി ശരീരത്തിലെത്തിയതെന്ന് ഡോക്ടർമാർ അറിയിച്ചതായി പെൺകുട്ടി പറഞ്ഞു. ശരീരത്തിൽ നിന്ന് പ്രോട്ടീൻ നഷ്ടപ്പെടുന്ന മെംബ്രനസ് നെഫ്രോപ്പതി എന്ന അവസ്ഥയിലാണ് പെൺകുട്ടി. പ്രകൃതിദത്ത ചേരുവകൾ അടങ്ങിയതാണെന്ന അവകാശവാദത്തോടെ വിറ്റഴിച്ച ക്രീമാണ് ഉപയോഗിച്ചതെന്നും പെൺകുട്ടി വ്യക്തമാക്കി. സാമ്പിൾ പരിശോധനാ ഫലം ലഭിച്ച ശേഷം കേസെടുക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.

