കൊച്ചി: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് വി.പി.എസ് ലേക്ഷോർ സംഘടിപ്പിച്ച ‘ബ്ലൂ സ്റ്റെപ്സ്’ വാക്കത്തോൺ വൻ ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി. കുട്ടികളടക്കം പ്രായഭേദമന്യേ ആയിരത്തോളം പേരാണ് പ്രമേഹ ബോധവത്കരണ സന്ദേശവുമായി വാക്കത്തോണിൽ അണിനിരന്നത്. നടൻ കൈലാഷ് ഉൾപ്പെടെയുള്ള പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. നടൻ കൈലാഷ്, മരട് നഗരസഭ ചെയർപേഴ്സൺ അജിത നന്ദകുമാർ, കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസീന സലാം, വി.പി.എസ് ലേക്ഷോർ ഗ്രൂപ്പ് സി.ഇ.ഒ അഭിഷേക് പൊഡുരി, സി.ഇ.ഒ ജയേഷ് വി. നായർ എന്നിവർ ചേർന്ന് വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു.

ബോധവത്കരണവും പ്രതിരോധ പ്രവർത്തനങ്ങളും പ്രമേഹ നിയന്ത്രണത്തിന് ഏറെ ഗുണകരമാണെന്ന് നടൻ കൈലാഷ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വി.പി.എസ് ലേക്ഷോർ സംഘടിപ്പിച്ച വാക്കത്തോണിലൂടെ പ്രമേഹ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് വലിയ മുന്നേറ്റം കൊണ്ടുവരാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രമേഹ ബോധവത്കരണ പ്രവർത്തനങ്ങൾ സമൂഹത്തിൽ ഏറെ അനിവാര്യമായ ഘട്ടമാണിതെന്ന് മരട് നഗരസഭ ചെയർപേഴ്സൺ അജിത നന്ദകുമാർ പറഞ്ഞു. ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാൻ കൂട്ടായ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും അവർ വ്യക്തമാക്കി. പ്രമേഹബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വർധന ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസീന സലാം അഭിപ്രായപ്പെട്ടു.

വി.പി.എസ് ലേക്ഷോർ ഗ്രൂപ്പ് സി.ഇ.ഒ അഭിഷേക് പൊഡുരി അധ്യക്ഷത വഹിച്ചു. ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള പാതയാണ് വാക്കത്തോണിലൂടെ തുറന്നിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രമേഹം നിശബ്ദമായി മനുഷ്യരുടെ ആരോഗ്യത്തെ സങ്കീർണമാക്കുകയാണെന്നും ആരോഗ്യകരമായ സമൂഹം കെട്ടിപ്പടുക്കാൻ ഇത്തരം കൂട്ടായ പ്രവർത്തനങ്ങൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻകൂട്ടിയുള്ള രോഗനിർണയം, കൃത്യമായ ഇടവേളകളിലുള്ള പരിശോധന, ആരോഗ്യകരമായ ജീവിതശൈലി എന്നിവ പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് വി.പി.എസ് ലേക്ഷോർ ആശുപത്രിയിലെ എൻഡോക്രിനോളജി വിഭാഗം മേധാവി ഡോ. വിവേക് മാത്യു പറഞ്ഞു. ലോകത്ത് 51 കോടി ജനങ്ങൾ പ്രമേഹബാധിതരാണെന്ന് ജനറൽ മെഡിസിൻ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. എസ്. അനിത നമ്പ്യാർ പറഞ്ഞു. ഭക്ഷണക്രമീകരണം, വ്യായാമം, ആവശ്യത്തിന് ഉറക്കം, കൃത്യമായ മരുന്ന് എന്നിവയിലൂടെ പ്രമേഹം നിയന്ത്രിക്കാനാകുമെന്നും അവർ വ്യക്തമാക്കി.

ആശുപത്രി പരിസരത്തുനിന്ന് ആരംഭിച്ച വാക്കത്തോൺ പനങ്ങാട്, കുമ്പളം എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് തിരികെ വി.പി.എസ് ലേക്ഷോറിൽ സമാപിച്ചു. സുംബ ഡാൻസ് ഉൾപ്പെടെയുള്ള പരിപാടികളും സംഘടിപ്പിച്ചു. റിസർച്ച് സൊസൈറ്റി ഫോർ ദ സ്റ്റഡി ഓഫ് ഡയബറ്റീസ് ഇൻ ഇന്ത്യയുടെ (ആർ.എസ്.എസ്.ഡി.ഐ) കേരള ഘടകത്തിന്റെ സഹകരണത്തോടെ നടന്ന പരിപാടിയിൽ വാക്കാറു വാക്കിംഗ് പാർട്ണറായിരുന്നു. ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യപ്രവർത്തകർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർ പങ്കെടുത്തു.
പ്രമേഹ ബോധവത്കരണവും സൗജന്യ പരിശോധനയും
ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് പ്രമേഹം നേരത്തേ തിരിച്ചറിഞ്ഞ് സങ്കീർണതകൾ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ വി.പി.എസ് ലേക്ഷോർ ആശുപത്രിയിലും വിവിധ മെട്രോ സ്റ്റേഷനുകളിലും സൗജന്യ പ്രമേഹ പരിശോധന സംഘടിപ്പിച്ചു. നിരവധി പേർ പരിശോധനയിൽ പങ്കെടുത്തു. ആശുപത്രിയിൽ നടന്ന ബോധവത്കരണ പരിപാടിയിൽ ഡോ. എസ്. അനിത നമ്പ്യാർ, ചീഫ് ഡയറ്റീഷ്യൻ ഡോ. മഞ്ജു പി. ജോർജ് എന്നിവർ സംസാരിച്ചു.

99 രൂപയ്ക്ക് പ്രത്യേക പ്രമേഹ പരിശോധനാ പാക്കേജ്
ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഏകദേശം 2,500 രൂപ വിലവരുന്ന പരിശോധനകൾ ഉൾപ്പെടുത്തിയ പ്രത്യേക ഡയബറ്റീസ് പരിശോധനാ പാക്കേജ് വെറും 99 രൂപയ്ക്ക് വി.പി.എസ് ലേക്ഷോർ അവതരിപ്പിച്ചു. നവംബർ 30 വരെ ആശുപത്രിയിലെത്തി ഈ സേവനം പ്രയോജനപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്ക്: 99616 40000.


