തിരുവനന്തപുരം∙ കൊലപാതകത്തിനു ദിവസങ്ങള്‍ക്കു മുന്‍പ് സ്‌കൂളില്‍ പ്രശ്‌നമുണ്ടെന്ന് അഭിരാം പറഞ്ഞിരുന്നതായി സഹോദരി ആര്യ. എന്നാല്‍ ഇത്രത്തോളം ഗൗരവമുള്ളതാണെന്ന് അറിഞ്ഞിരുന്നില്ല. സ്‌കൂളിലെ ചെറിയ കശപിശയാണെന്നു മാത്രമാണ് പറഞ്ഞത്. അല്ലാതെ കൊലപാതകത്തിലേക്ക് എത്തുന്ന തരത്തിലുള്ള പ്രശ്‌നമാണെന്ന് അഭിരാം പറഞ്ഞിട്ടില്ലെന്നും സഹോദരി പറഞ്ഞു.

‘‘സ്‌കൂളിലെ കയ്യേറ്റത്തിന്റെ വിഡിയോ കിട്ടിയിരുന്നു. അതിലുള്ള ഏതെങ്കിലും കുട്ടിക്കു പങ്കുണ്ടോ എന്നു സംശയമുണ്ട്. പ്രതികള്‍ ലക്ഷ്യമിട്ട കുട്ടിയുമായി അടുത്ത സൗഹൃദമായിരുന്നു അഭിരാമിനുണ്ടായിരുന്നു. അവന്‍ പോയിരുന്നെങ്കില്‍ അവനെയും തീര്‍ത്തുകളഞ്ഞേനെ. അഭിരാമിനോടും പോകേണ്ടെന്ന് അവന്‍ പറഞ്ഞതാണ്. പ്രതികള്‍ ഇങ്ങനെ ചെയ്യുമെന്ന് അവനും അറിഞ്ഞിരുന്നില്ലെന്നാണു കരുതുന്നത്. ഐശ്വര്യയെ പിടികൂടിയ ശേഷം പൊലീസ് എത്തി കാര്യങ്ങള്‍ പറഞ്ഞിരുന്നു. അഭിരാം ഒരു പാവം കുട്ടിയായിരുന്നു. ഒരു തരത്തിലുള്ള ദുശ്ശീലവുമുണ്ടായിരുന്നില്ല. നമ്മള്‍ കിണറ്റില്‍പോയി ചാടാന്‍ പറഞ്ഞാലും അതു ചെയ്യുന്നത്ര നിഷ്‌കളങ്കനായിരുന്നു അവന്‍.

ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു. എന്തെങ്കിലും പറഞ്ഞു വിശ്വസിപ്പിച്ചായിരിക്കാം ഒന്നാം പ്രതി കൊണ്ടുപോയത്. ഒന്നാംപ്രതി അഭിരാമിന്റെ സീനിയറായി സ്‌കൂളില്‍ പഠിച്ചതാണ്. ഇനിയൊരാള്‍ക്കും ഇതുപോലെ ഒരു അനുഭവമുണ്ടാകരുത്. അവനു വേണ്ടിയാണ് അമ്മ ഗള്‍ഫില്‍ പോയത്. അത്രയും കഷ്ടപ്പെട്ടു വളര്‍ത്തിയ കുട്ടിയാണ്. അവന്‍ എന്തെങ്കിലും തെറ്റ് ചെയ്‌തെങ്കില്‍ കുഴപ്പമില്ലായിരുന്നു. പ്രതികളെ വെറുതേ വിടരുതെന്നാണ് സര്‍ക്കാരിനോടു പറയാനുള്ളത്. പരമാവധി ശിക്ഷ നല്‍കണം. ജയിലില്‍ ഇട്ടു തീറ്റിപ്പോറ്റി വളര്‍ത്തരുത്. അങ്ങനെ ചെയ്താല്‍ ഇനിയും അഭിരാമുകള്‍ ഉണ്ടാകും. എനിക്കുള്ള എന്തു വിറ്റിട്ടായാലും അവനു നീതി കിട്ടാന്‍ പോരാടും. സര്‍ക്കാര്‍ ഏറ്റെടുത്ത് ശിക്ഷ നല്‍കിയില്ലെങ്കില്‍ ഞങ്ങള്‍ മറ്റു വഴി തേടും. അതേ പറയാനുള്ളു’’ – അഭിരാമിന്റെ സഹോദരി പറഞ്ഞു.

അഭിരാമിനെ പ്ലാന്‍ ചെയ്തു കൊലപ്പെടുത്തിയതാണെന്ന് അഭിരാമിന്റെ അമ്മ ധര്‍മജ പറഞ്ഞു. ‘‘പതിനേഴു വയസുകാരനായ ഒരാള്‍ ചെയ്യുന്ന കാര്യങ്ങളല്ല പ്രതി ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത ആള്‍ക്ക് എന്തും ചെയ്തിട്ട് പ്രായത്തിന്റെ ഇളവില്‍ കുറച്ചുദിവസം കഴിയുമ്പോള്‍ തിരിച്ചുവരാമെന്ന ധൈര്യത്തിലാണ് ഇതൊക്കെ ചെയ്തത്. നിയമം മാറ്റി അവര്‍ക്കു കടുത്ത ശിക്ഷ നല്‍കണം. ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനുള്ള വേഷം ധരിച്ചാണ് അവന്‍ അന്ന് പുറത്തുപോയത്. സമയമായിട്ടും വരാതിരുന്നപ്പോള്‍ പല തവണ വിളിച്ചു. അവന്‍ എടുത്തില്ല. അച്ഛന്‍ വിളിച്ചപ്പോള്‍ ഒരു തവണ എടുത്ത് വരുമെന്നു പറഞ്ഞു. അപ്പോള്‍ അവന്‍ ഓടുന്ന പോലെയായിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. രാത്രിയായിട്ടും വരാതിരുന്നപ്പോഴാണ് പൊലീസില്‍ പറഞ്ഞത്.

രാവിലെ അവനെ വിളിച്ച് സംസാരിച്ചിരുന്നു. എല്ലാ കാര്യങ്ങളും അവന്‍ പറയുമായിരുന്നു. അവന്റെ ഫോണ്‍ സ്വിച്ച്ഓഫ് ആയത് മണ്‍വിളയില്‍ വച്ചാണ്. ഫോണ്‍ ഇതുവരെ കിട്ടിയിട്ടില്ല. മൃതദേഹം കിട്ടിയത് മറ്റൊരു സ്ഥലത്തുവച്ചാണ്. പ്രതികള്‍ അവനെ കൊലപ്പെടുത്തിയ ശേഷം അന്വേഷണം വഴിതിരിച്ചുവിടാന്‍ ഫോണ്‍ ഉപേക്ഷിച്ചതാണോ എന്ന് അറിയില്ല. വലിയ ക്രിമിനലുകള്‍ ചെയ്യുന്ന തരത്തിലാണ് അവര്‍ അഭിരാമിനെ കൊന്നത്. ഒരമ്മയ്ക്കും ഈ ഗതിയുണ്ടാകരുത്. 28 വര്‍ഷമായി വാടകവീട്ടിലാണ് താമസിച്ചിരുന്നത്. അവന് ഒരു വീടുണ്ടാക്കണമെന്നതു കൊണ്ടാണ് ഈ പ്രായത്തില്‍ ഗള്‍ഫിലേക്കു പോയത്. പക്ഷെ തിരിച്ചെത്തിയപ്പോള്‍ അവന്റെ മൃതശരീരം കിട്ടിയെന്നാണ് അറിയുന്നത്. ഒരമ്മയ്ക്കും അതു താങ്ങാന്‍ കഴിയില്ല.’’– കണ്ണീരോടെ ധര്‍മജ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *