കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി–മുണ്ടക്കയം പാതയിൽ ചോറ്റിയിൽ ഒൻപത് പേർക്ക് പരുക്കേറ്റ വാഹനാപകടം ബോധപൂർവം സൃഷ്ടിച്ചതാണെന്ന് പൊലീസ്. കാർ ഓടിച്ചിരുന്ന 27-കാരനായ കൂട്ടിക്കൽ തേൻപുഴ സ്വദേശി ഷാലോമിനെതിരെ പൊലീസ് കേസെടുത്തു. മറ്റ് വാഹനങ്ങളിലേക്ക് മനഃപൂർവം കാർ ഇടിച്ചുകയറ്റി അപകടമുണ്ടാക്കിയതിന് നരഹത്യാശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. അപകടത്തിൽ സാരമായി പരുക്കേറ്റ നാലുപേരുടെ പരാതിയിലാണ് നടപടി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

ഇന്നലെ രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. ഷാലോം ഓടിച്ചിരുന്ന കാർ എതിർദിശയിൽനിന്ന് വന്ന കാറിലിടിച്ച ശേഷം മറ്റ് മൂന്ന് കാറുകളിലും സ്കൂട്ടറിലും ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ വഴിയാത്രക്കാരൻ ഉൾപ്പെടെ ഒൻപത് പേർക്ക് പരുക്കേറ്റു. ഇതിൽ നാലുപേരുടെ പരുക്ക് ഗുരുതരമാണ്. പരുക്കേറ്റവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആദ്യം സാധാരണ വാഹനാപകടമെന്നാണ് കരുതിയിരുന്നതെങ്കിലും സംഭവസ്ഥലത്തെയും സമീപപ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് അപകടം മനഃപൂർവം സൃഷ്ടിച്ചതാണെന്ന സംശയം പൊലീസിനുണ്ടായത്. വാഹനം അമിതവേഗത്തിൽ ഓടിച്ച് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറ്റാൻ പ്രതി മനഃപൂർവം ശ്രമിച്ചതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മനഃപൂർവം മറ്റ് വാഹനങ്ങളിൽ കാർ ഇടിപ്പിക്കുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചതായും വിവരമുണ്ട്.

വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്ന പ്രതിയെ നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടമുണ്ടാക്കി ജീവനൊടുക്കാൻ ശ്രമിച്ചതാണോ എന്ന സംശയവും പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാൽ, ഇക്കാര്യം എഫ്.ഐ.ആറിൽ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല.

മുണ്ടക്കയം ഭാഗത്തുനിന്ന് അലക്ഷ്യമായി അമിതവേഗത്തിൽ എത്തിയ കാർ യാത്രാമധ്യേ മറ്റെവിടെയെങ്കിലും അപകടമുണ്ടാക്കിയിട്ടുണ്ടോയെന്ന് കണ്ടെത്താൻ കൂടുതൽ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പരുക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അന്വേഷണസംഘം ക്രിട്ടിക്കൽ ടൈംസ് ന്യൂസിനോട് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You missed