കല്‍പ്പറ്റ: എസ്എഫ്ഐ വയനാട് ജില്ലാ സെക്രട്ടറി ആദര്‍ശിന്റെയും കേന്ദ്ര കമ്മിറ്റി അംഗം സാന്ദ്രയുടേയും നേതൃത്വത്തില്‍ തന്നെ ക്രൂരമായി മര്‍ദിച്ചെന്ന് ജില്ലാ ജോയിന്റെ സെക്രട്ടറി സായന്ത്. ഒക്ടോബര്‍ 12 ന് വൈകുന്നേരം പുല്‍പ്പള്ളി പാര്‍ട്ടി ഏരിയ കമ്മിറ്റി ഓഫീസില്‍വെച്ച് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ആദര്‍ശ്, എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ. വയനാട് ജില്ലാ ട്രഷററും സംസ്ഥാന കമ്മിറ്റി അംഗവുമായി പ്രവര്‍ത്തിക്കുന്ന സാന്ദ്ര രവീന്ദ്രന്‍, എസ്എഫ്‌ഐ പുല്‍പ്പള്ളി ഏരിയ സെക്രട്ടറി അരുണ്‍ തമ്പി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആദിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മൈക്ക് സ്റ്റാന്‍ഡും സ്റ്റീല്‍ റോഡും ഉപയോഗിച്ച് മര്‍ദിച്ചെന്നാണ് സായന്ത് ഫെയസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

സംഭവം നടന്ന് 19 ദിവസങ്ങള്‍ പിന്നിട്ടിട്ടും സംഘടനയുടെ ഭാഗത്തുനിന്ന് വ്യക്തമായ നടപടി ഉണ്ടാകാത്തതില്‍ നിരാശപ്പെടുത്തി. താനിട്ട എഫ്ബി പോസ്റ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നുവെന്നും, പൂക്കോട് വെറ്ററിനറി കോളജില്‍ മരണപ്പെട്ട സിദ്ധാര്‍ഥിന്റെ ഗതി വരുമോയെന്ന് ആശങ്കയുണ്ടെന്നും സായന്ത് പറഞ്ഞു.

ഇതിനിടെ സായന്തിനെ എസ്എഫ്ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നു. രണ്ട് ക്യാംപസുകളിലെ തെരഞ്ഞെടുപ്പുകളില്‍ എസ്എഫ്ഐയെ വിജയിപ്പിച്ചെടുത്തിട്ടും തനിക്ക് ജില്ലാ നേതൃത്വത്തില്‍ നിന്ന് കടുത്ത അവഗണനയും അനീതിയുമാണ് നേരിടേണ്ടിവന്നെതെന്ന് സായന്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റില്‍ പറയുന്നു. സംഘടനയോടുള്ള വിശ്വാസം നഷ്ടപ്പെട്ടു. മര്‍ദനമേറ്റിട്ടും ആ വിവരങ്ങള്‍ പുറത്ത് പറയാതെ ഒതുക്കിപ്പിടിക്കാന്‍ ഇത്രയും നാള്‍ പാര്‍ട്ടിക്ക് വേണ്ടി നില്‍ക്കുകയായിരുന്നു. എന്നാല്‍, ഇനിയും സഹിച്ചിരിക്കാനാവില്ല. ഇതുകൊണ്ടാണ് തുറന്നുപറയാന്‍ തയ്യാറായത്. സായന്ത് വ്യക്തമാക്കി. എസ്എഫ്ഐയുടെ ഉയര്‍ന്ന ഘടകത്തില്‍ പ്രവര്‍ത്തിക്കുന്ന തന്നെപ്പോലൊരാള്‍ക്ക് ജില്ലാ നേതൃത്വത്തില്‍ നിന്ന് അനുഭവം ഉണ്ടായെങ്കില്‍, നാളെ മറ്റൊരു സാധാരണ വിദ്യാര്‍ഥിക്കും ഈ അവസ്ഥ ഉണ്ടാകാന്‍ പാടില്ലെന്ന് കരുതിയാണ് ഈ പോരാട്ടവുമായി മുന്നോട്ട് ഇറങ്ങിയിതെന്നും പോസ്റ്റില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സംഘടനയോടുള്ള വിശ്വാസം നഷ്ടപ്പെട്ടു; നീതിക്കുവേണ്ടി ചില കാര്യങ്ങള്‍ തുറന്നുപറയുന്നു

സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായപ്പോഴും നടന്ന കാര്യങ്ങളെക്കുറിച്ച് ഒരക്ഷരം പോലും പ്രതികരിക്കാതിരുന്നത് പാര്‍ട്ടിയോടുള്ള വിശ്വാസം കൊണ്ടുമാത്രമാണ്. സംഘടനയ്ക്കുള്ളില്‍നിന്നുതന്നെ നീതി ലഭിക്കുമെന്നും തെറ്റ് ചെയ്തവര്‍ക്കെതിരെ ഉചിതമായ നടപടി ഉണ്ടാകുമെന്നും ഞാന്‍ പ്രതീക്ഷിച്ചു. എന്നാല്‍ സംഭവം നടന്ന് 19 ദിവസങ്ങള്‍ പിന്നിട്ടിട്ടും, ആരോപണവിധേയരായവര്‍ പൊതുസമൂഹത്തിനുമുന്നില്‍ സാധാരണ നിലയില്‍ തുടരുന്നതും സംഘടനയുടെ ഭാഗത്തുനിന്ന് വ്യക്തമായ നടപടി ഉണ്ടാകാത്തതും എന്നെ ഏറെ നിരാശപ്പെടുത്തുന്നു.

ഒക്ടോബര്‍ 12-ാം തീയതി തിങ്കളാഴ്ച വൈകുന്നേരം പുല്‍പ്പള്ളി പാര്‍ട്ടി ഏരിയ കമ്മിറ്റി ഓഫീസില്‍വെച്ചാണ് സംഭവം നടന്നത്. എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി ആദര്‍ശ്, എസ്.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ. വയനാട് ജില്ലാ ട്രഷററും സംസ്ഥാന കമ്മിറ്റി അംഗവുമായി പ്രവര്‍ത്തിക്കുന്ന സാന്ദ്ര രവീന്ദ്രന്‍, എസ്.എഫ്.ഐ. പുല്‍പ്പള്ളി ഏരിയ സെക്രട്ടറി അരുണ്‍ തമ്പി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആദിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മൈക്ക് സ്റ്റാന്‍ഡും സ്റ്റീല്‍ റോഡും ഉപയോഗിച്ച് എന്നെ മര്‍ദിക്കുകയായിരുന്നു.

ഡല്‍ഹിയില്‍ നടക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരങ്ങളുടെ ഭാഗമായി കോളേജില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കാന്‍ നിര്‍ദേശം ലഭിച്ചിരുന്നു. ഡല്‍ഹിയില്‍ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ ഒരുമിച്ചാണ് സമരം നടത്തിയത്. അതിന്റെ ഭാഗമായി കോളേജിലും വിവിധ വിദ്യാര്‍ഥി സംഘടനകള്‍ പങ്കെടുത്ത ക്യാമ്പയിന്‍ സംഘടിപ്പിച്ചു. സംഘടനയെ പ്രതിനിധീകരിച്ച് അതില്‍ സംസാരിക്കേണ്ട സാഹചര്യവും എനിക്കുണ്ടായി.

എന്നാല്‍ എസ്.എഫ്.ഐ. സ്വന്തം നിലയില്‍ ക്യാമ്പയിന്‍ നടത്തുന്നതിനുപകരം മറ്റ് വിദ്യാര്‍ഥി സംഘടനകളോടൊപ്പം ക്യാമ്പയിന്‍ നടത്തിയതെന്തിനെന്ന ചോദ്യം ഉയര്‍ന്നതോടെയാണ് തര്‍ക്കം ആരംഭിച്ചത്. തുടര്‍ന്ന് പഴശ്ശിരാജ കോളേജിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഇനി പങ്കെടുക്കേണ്ടതില്ലെന്നും വയനാട് എന്‍ജിനീയറിങ് കോളേജിലേക്ക് പോകണമെന്നും എന്നോട് നിര്‍ദേശിച്ചു.

ഈ തീരുമാനത്തെ ചോദ്യം ചെയ്തപ്പോള്‍ ജില്ലാ സെക്രട്ടറി ആദര്‍ശ് എന്നെ അസഭ്യം പറയുകയും മര്‍ദിക്കുകയും, ഓഫീസില്‍നിന്ന് പുറത്തുപോകാന്‍ ശ്രമിച്ച എന്നെ സാന്ദ്ര രവീന്ദ്രന്‍, അരുണ്‍ തമ്പി, ആദിഷ് എന്നിവര്‍ ചേര്‍ന്ന് തടഞ്ഞുനിര്‍ത്തുകയും തുടര്‍ന്ന് വീണ്ടും മര്‍ദിക്കുകയും ചെയ്തു. പിന്നീട് സാന്ദ്ര എന്നെ പിടിച്ചുതള്ളി ബാത്‌റൂമിനുള്ളിലാക്കി വാതില്‍ പുറത്തുനിന്ന് പൂട്ടിയിട്ടു.

നാട്ടിലെ സഖാക്കളെ വിവരം അറിയിക്കുമെന്ന് പറഞ്ഞപ്പോള്‍, ആരെ കൂട്ടിക്കൊണ്ടുവന്നാലും വീണ്ടും മര്‍ദിക്കുമെന്നും, സിദ്ധാര്‍ത്ഥന്റെ വിഷയത്തില്‍ ആരോപണം ഉണ്ടായപ്പോഴും എസ്.എഫ്.ഐ.യ്ക്ക് ഒരു ചുക്കും സംഭവിച്ചിട്ടില്ലെന്നും പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു. ഇനി സംഘടനയില്‍ തുടരാന്‍ അനുവദിക്കില്ലെന്നും പഴശ്ശിരാജ കോളേജില്‍ പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തി

കുറേനേരം നിലവിളിക്കുകയും ബഹളംവയ്ക്കുകയും ചെയ്ത ശേഷമാണ് എന്നെ പുറത്തുവിടാന്‍ തയ്യാറായത്. സംഭവസമയത്ത് കോളേജിലെ രണ്ട് വിദ്യാര്‍ഥിനികള്‍ ഓഫീസിലുണ്ടായിരുന്നു. അവരെയും ഭീഷണിപ്പെടുത്തിയിട്ടുണ്ടാകും എന്ന് വേണം മനസ്സിലാക്കാന്‍.

വെറ്റിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ വിഷയത്തില്‍ എസ് എഫ് ഐ സംഘടനക്ക് പങ്കില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍ എന്നാല്‍ ഇവരെപ്പോലെ ഉള്ള നേതൃത്വം ആണ് എങ്കില്‍ അതും വിശ്വസിക്കുന്നതില്‍ തെറ്റില്ല എന്നാണ് ഇപ്പോള്‍ ഞാന്‍ കരുതുന്നത്.

ഈ സംഭവത്തിനുശേഷം നാട്ടിലെത്തിയ എന്നെ, വിവരം അറിഞ്ഞ ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് ജിതിന്‍, പാര്‍ട്ടി ഏരിയ സെക്രട്ടറി ജസ്റ്റിന്‍ ബേബി, പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗം കെ പി ഷിജു, ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റ് അക്ഷയ് എന്നിവരുടെ കൂടെ മാനന്തവാടി സെന്റ് ജോസഫ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ഈ വിഷയം പുറത്തുപറയരുതെന്നും ബൈക്കില്‍ നിന്ന് വീണതാണെന്ന് പറയണം എന്നും പാര്‍ട്ടി സഖാക്കള്‍ പറഞ്ഞപ്പോള്‍ തെറ്റ് ചെയ്തവര്‍ക്കെതിരെ പാര്‍ട്ടി കര്‍ശന നടപടി സ്വീകരിക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയത്.

അടുത്ത ദിവസം തന്നെ പാര്‍ട്ടി ഏരിയ കമ്മിറ്റിക്ക് പരാതി നല്‍കി. എന്നാല്‍ കാലിക്കറ്റ് സര്‍വകലാശാലാ തിരഞ്ഞെടുപ്പും എന്‍ജിനീയറിങ് കോളേജ് തിരഞ്ഞെടുപ്പും കഴിഞ്ഞ് ഒക്ടോബര്‍ 20-നാണ് സി പി ഐ എം ജില്ലാ സെക്രട്ടറി കെ. റഫീഖിന്റെയും ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എ എന്‍. പ്രഭാകരന്‍, രുക്മിണി സുബ്രഹ്മണ്യന്‍ എന്നിവരുടെയും നേതൃത്വത്തില്‍ എന്നെയും ആരോപണവിധേയരെയും വിളിച്ചുവരുത്തി സംസാരിച്ചത്. ആ കൂടിക്കാഴ്ചയില്‍ എന്നെ മര്‍ദിച്ചുവെന്ന കാര്യം അവര്‍ സമ്മതിച്ചതായാണ് ഞാന്‍ മനസ്സിലാക്കിയത്.

വീട്ടില്‍ ഞാന്‍ പറഞ്ഞിരുന്നത് ബൈക്കില്‍നിന്ന് വീണാണ് ശരീരത്തില്‍ പരിക്കേറ്റതെന്നായിരുന്നു. മാധ്യമങ്ങളിലൂടെ സംഭവം അറിഞ്ഞ വീട്ടുകാര്‍ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴും പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിക്കാനാണ് ഞാന്‍ തീരുമാനിച്ചത്.ചര്‍ച്ചക്ക് ശേഷം രണ്ടുദിവസത്തിനുള്ളില്‍ നടപടി ഉണ്ടാകുമെന്നായിരുന്നു എനിക്ക് നല്‍കിയ ഉറപ്പ്.എന്നാല്‍ പാര്‍ട്ടി നേതൃത്വത്തിന് പരാതി കൊടുത്ത് ചര്‍ച്ച ചെയ്തിട്ടും ഈ നിമിഷം വരെ വ്യക്തമായ നടപടി ഉണ്ടായിട്ടില്ല.

അന്ന് നടന്ന സംഭവം എന്നെ മാനസികമായി എത്രമാത്രം തളര്‍ത്തിയെന്ന് ബന്ധപ്പെട്ടവരെ പലതവണ അറിയിച്ചിട്ടും നീതി ലഭിക്കാത്ത സാഹചര്യം എന്നെ ഏറെ വേദനിപ്പിക്കുന്നുണ്ട്.

എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി ആദര്‍ശിനോടും കേന്ദ്ര കമ്മിറ്റി അംഗം സാന്ദ്ര രവീന്ദ്രനോടും എനിക്ക് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിട്ട് കുറച്ചുകാലമായി. സംഘടനയുടെ പ്രവര്‍ത്തനരീതിയുമായി ബന്ധപ്പെട്ട ചില വിഷയങ്ങളും അവരുടെ ചില വ്യക്തിപരമായ ബന്ധങ്ങളെക്കുറിച്ച് ഞാന്‍ ഉന്നയിച്ച ചോദ്യങ്ങളും ഇതിന് കാരണമായിട്ടുണ്ടാകാമെന്ന് ഞാന്‍ കരുതുന്നു. എസ്.എഫ്.ഐ.യുമായി നേരിട്ട് ബന്ധമില്ലാത്ത ചിലരെ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ആദര്‍ശ് ഇടയ്ക്കിടെ കൊണ്ടുവരുന്നതിനെക്കുറിച്ചും ഞാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങള്‍ പിന്നീട് എന്നെ ഒറ്റപ്പെടുത്തുന്നതിലേക്ക് നയിച്ചുവെന്നാണ് എന്റെ അനുഭവം. എന്നാല്‍ ഇത്തരം അഭിപ്രായവ്യത്യാസങ്ങള്‍ ഒരിക്കലും ശാരീരികമായ ആക്രമണത്തിനോ ഭീഷണിക്കോ ന്യായീകരണമാകില്ല.

സംഘടനാപരമായി എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അവ ഞാന്‍ തുറന്നുപറയാനും ചര്‍ച്ചകള്‍ക്ക് വിധേയമാക്കാനും തയ്യാറായിരുന്നു. ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ സംഘടനാപരമായ നടപടികള്‍ സ്വീകരിക്കാമായിരുന്നു. അതാണ് ഒരു വിദ്യാര്‍ഥി സംഘടന പിന്തുടരേണ്ട ജനാധിപത്യപരമായ രീതി എന്നാണ് എന്റെ വിശ്വാസം. എന്നാല്‍ അത്തരം നടപടികള്‍ക്കുപകരം മര്‍ദനവും ഭീഷണിയും നേരിടേണ്ടിവന്നുവെന്നതാണ് പ്രശ്‌നം.

ആദര്‍ശിന്റെ അന്നത്തെ പെരുമാറ്റത്തിന്റെ പശ്ചാത്തലത്തില്‍, അദ്ദേഹം ഏതെങ്കിലും ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. കാരണം സ്വന്തം സഖാക്കളെ മര്‍ദ്ദിക്കുന്ന അവസ്ഥയിലേക്ക് ഒരു ജില്ലാ സെക്രട്ടറി താരം താഴുന്നത് ഇതാദ്യത്തെ അനുഭവമാണ്.

പ്ലസ് വണ്‍ പഠിക്കുന്ന കാലത്താണ് ഞാന്‍ എസ്.എഫ്.ഐ.യില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. എന്റെ കുടുംബത്തില്‍ ആര്‍ക്കും ഇടതുപക്ഷ രാഷ്ട്രീയവുമായി അടുത്ത ബന്ധമുണ്ടായിരുന്നില്ല. എന്നിട്ടും വീട്ടുകാരുടെ എതിര്‍പ്പുകള്‍ മറികടന്നാണ് ഞാന്‍ സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

മാനന്തവാടി പോളിടെക്‌നിക് കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പനമരം പാലത്തിന് സമീപംവെച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകരില്‍നിന്ന് ആക്രമണം നേരിട്ട അനുഭവവും എനിക്കുണ്ട്. അതിനുശേഷം നാട്ടില്‍നിന്ന് മാറി മറ്റൊരു ജില്ലയില്‍ പഠനം തുടരാന്‍ വീട്ടുകാര്‍ ശ്രമിച്ചപ്പോള്‍, ഇവിടെത്തന്നെ പഠനം തുടരണമെന്നും സംഘടനയില്‍ സജീവമായി പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശിച്ചത് നാട്ടിലെ പാര്‍ട്ടി സഖാക്കളായിരുന്നു. അവരുടെ വാക്കുകളിലുള്ള വിശ്വാസം കൊണ്ടാണ് ഞാന്‍ ഇവിടെത്തന്നെ തുടര്‍ന്നത്.ഇത്രയും കാലം സംഘടനയോടൊപ്പം നിന്നത് സ്ഥാനമാനങ്ങള്‍ക്കുവേണ്ടിയോ വ്യക്തിപരമായ നേട്ടങ്ങള്‍ക്കുവേണ്ടിയോ ആയിരുന്നില്ല. സംഘടന ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങളിലും മൂല്യങ്ങളിലും വിശ്വസിച്ചതുകൊണ്ടായിരുന്നു.

സാന്ദ്രയുമായി അഭിപ്രായവ്യത്യാസമുണ്ടായതിന്റെ പേരില്‍ മുന്‍ ഭാരവാഹിക്കെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഒറ്റപ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ അയാള്‍ സംഘടന വിട്ടുപോയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചില മുന്‍ എസ്.എഫ്.ഐ. ജില്ലാ ഭാരവാഹികളും ഇടപെടല്‍ ഉണ്ടാവുന്നുണ്ട്.

വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കോ ഗ്രൂപ്പ് താല്‍പര്യങ്ങള്‍ക്കോ സംഘടനയുടെ ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാകരുത്. അഭിപ്രായവ്യത്യാസങ്ങള്‍ ഉന്നയിക്കുന്നവരെ അപമാനിക്കുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യുന്നത് ഒരു വിദ്യാര്‍ഥി സംഘടനയ്ക്കും ഭൂഷണമല്ല.

എന്തെല്ലാം പ്രതിസന്ധികള്‍ ഉണ്ടായാലും എസ്.എഫ്.ഐ. അതിജീവിക്കുമെന്ന് എനിക്കറിയാം. എന്നാല്‍ സംഘടനയുടെ ഭാഗത്തുനിന്ന് തെറ്റ് ചെയ്തവരെ സംരക്ഷിക്കുന്ന നിലപാടുണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.

ഡല്‍ഹിയില്‍ വിദ്യാര്‍ഥി സംഘടനകള്‍ ഒരുമിച്ച് സമരരംഗത്തുള്ള ഈ ഘട്ടത്തില്‍, അത്തരം സമരങ്ങളുടെ സന്ദേശം ഉയര്‍ത്തിപ്പിടിക്കേണ്ട ഉത്തരവാദിത്വമുള്ള ഒരു കേന്ദ്ര കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ തനിക്ക് ആക്രമണം നേരിടേണ്ടിവന്നുവെന്നതാണ് എന്റെ പരാതി. അങ്ങനെയൊരു സാഹചര്യത്തില്‍, എസ്.എഫ്.ഐ. ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യം, നീതി, സമത്വം തുടങ്ങിയ മുദ്രാവാക്യങ്ങളുടെ പ്രസക്തിയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരുന്നത് സ്വാഭാവികമാണ്.

ഒരു സംഘടനയുടെ യഥാര്‍ഥ ശക്തി അതിന്റെ അംഗസംഖ്യയിലോ നേതാക്കളുടെ സ്വാധീനത്തിലോ അല്ല; തെറ്റുകള്‍ തിരുത്താനും ഇരകള്‍ക്ക് നീതി ഉറപ്പാക്കാനും കഴിയുന്ന അതിന്റെ ജനാധിപത്യപരമായ നിലപാടിലാണ്.എന്റെ ശരീരത്തില്‍ പരിക്കുകളുടെ അടയാളങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍, പാര്‍ട്ടി സഖാക്കള്‍ എന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നില്ലെങ്കില്‍, ഈ സംഭവം നടന്നിട്ടില്ലെന്ന് പറഞ്ഞ് തള്ളിക്കളയുമായിരുന്നേനെ.

നാളെ സംഘടനയ്ക്കുള്ളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടിപ്പിക്കുന്ന മറ്റൊരു സഖാവിനും ഇതേ അനുഭവം ഉണ്ടാകരുത്.ഇന്ന് ഈ കാര്യങ്ങള്‍ തുറന്നുപറയുമ്പോള്‍ എന്റെ സുരക്ഷയെക്കുറിച്ചും തുടര്‍പഠനത്തെക്കുറിച്ചും എനിക്ക് ആശങ്കയുണ്ട്. എന്റെ പഠനം തടസ്സപ്പെടുത്തപ്പെടുമോ, വീണ്ടും ഭീഷണികള്‍ നേരിടേണ്ടിവരുമോ എന്ന ഭയം നിലനില്‍ക്കുന്നു. സിദ്ധാര്‍ത്ഥന്റെ മരണത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെ, എന്നെ ഭയപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചുവെന്നത് ഏറെ വേദന ജനകമാണ്.

ആരോപണവിധേയരായവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കഴിയാത്തത് ജില്ലയില്‍ പകരം നേതൃത്വം കണ്ടെത്താനുള്ള ബുദ്ധിമുട്ട് കൊണ്ടാണെങ്കില്‍, അത്തരമൊരു സംഘടനാ നിലപാടിനോട് എനിക്ക് യോജിക്കാനാവില്ല. ആരും സംഘടനയെക്കാള്‍ വലുതല്ല. ആരുടെ ഭാഗത്തുനിന്ന് തെറ്റ് സംഭവിച്ചാലും അത് പരിശോധിക്കുകയും ഉത്തരവാദിത്തം ഉറപ്പാക്കുകയും വേണം.

ഞാന്‍ മനസ്സിലാക്കിയ കമ്മ്യൂണിസവും എസ്.എഫ്.ഐ.യും ഇതായിരുന്നില്ല. ഒരുപാട് മനുഷ്യരുടെ ത്യാഗവും അധ്വാനവും കൊണ്ട് വളര്‍ന്നുവന്ന ഒരു പ്രസ്ഥാനത്തെ സംരക്ഷിക്കണമെങ്കില്‍, അതിനുള്ളില്‍ കടന്നുകൂടിയ ഇത്തരം പുഴുകുത്തുകളെ ന്യായീകരിക്കുകയല്ല, അവ പുറത്ത് കളയുകയാണ് വേണ്ടത്. ഒക്ടോബര്‍ 26 ന് നടപടി അറിയിക്കാമെന്ന് പറഞ്ഞു കാത്തിരുന്നു ശേഷം സെപ്റ്റംബര്‍ 31 എന്ന് പറഞ്ഞു ഇന്ന് ആ വിശ്വാസവും നഷ്ടപ്പെട്ടു,ഇത്രയും കാലം ഞാന്‍ വിശ്വസിച്ച പ്രസ്ഥാനത്തോട് ഇന്ന് എനിക്ക് ചോദിക്കാനുള്ളത് ഒന്നുമാത്രമാണ്:തെറ്റ് ചെയ്തവര്‍ നേതൃത്വത്തില്‍ ഉള്ളവര്‍ ആണെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയാത്ത ഒരു സംഘടനയില്‍ സാധാരണ പ്രവര്‍ത്തകര്‍ എങ്ങനെയാണ് നീതി പ്രതീക്ഷിക്കേണ്ടത്?

എന്നും ഇന്നും എന്നും പ്രസ്ഥാനത്തോടൊപ്പം

നീതി ഇല്ലെങ്കില്‍ ഇനി ഒറ്റക്ക് നേരിടാനാണ് തീരുമാനം

സഭ്യമായി ഈ പോസ്റ്റ് അവസാനിപ്പിക്കുന്നത് എന്റെ മര്യാദ ,

ഇനിയും വേട്ടയാടാന്‍ ആണ് തീരുമാനമെങ്കില്‍ ചിലതെല്ലം എനിക്ക് തുറന്ന് പറയേണ്ടി വരും എന്നെ അതിന് നിര്‍ബന്ധിക്കാതിരിക്കുന്നതാണ് ഇരുവര്‍ക്കും നല്ലത്

എന്ന് എസ് എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി സായന്ത്

Leave a Reply

Your email address will not be published. Required fields are marked *

You missed