കൊല്ലം∙ അടൂരിലേതിനു സമാനമായി കൊല്ലത്തും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി. പട്ടാഴി ഇരുപ്പാക്കുഴിയിൽ വീടിനു സമീപം ട്യൂഷന് പോകാനായി വഴിയരികിൽ നിന്ന ഒന്നാം ക്ലാസുകാരനെ വെള്ള നിറത്തിലുള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചെന്നാണ് പരാതി. സംഭവത്തിൽ റൂറൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം. ട്യൂഷനു പോകാനായി അടുത്തവീട്ടിലെ കൂട്ടുകാരനായ കുട്ടിയെ കാത്തുനിൽക്കുകയായിരുന്നു ഒന്നാം ക്ലാസുകാരൻ. കൂട്ടുകാരന്റെ അമ്മയാണ് ഇരുവരെയും പതിവായി ട്യൂഷൻ സെന്ററിൽ കൊണ്ടുവിടുന്നത്. ഇന്നലെ ഈ യുവതി എത്താൻ 3 മിനിറ്റ് വൈകി. ആ നേരത്താണ് ഒരു സംഘം, കുട്ടിയുടെ സമീപത്തേക്ക് കാറുമായി എത്തിയതും കുട്ടിയോട് അതിൽ കയറാൻ ആവശ്യപ്പെടുകയും ചെയ്തത്. കുട്ടി കാറിൽ കയറിയില്ല. ഈ സമയത്തിനിടെ കൂട്ടുകാരന്റെ അമ്മ സ്‌കൂട്ടറുമായി വന്നതോടെ കാറിലുണ്ടായിരുന്നവർ കടന്നു കളയുകയായിരുന്നുവെന്നാണ് പൊലീസിനു ലഭിച്ച മൊഴി.

ഒരു സ്‌ത്രീ ഉൾപ്പടെ നാലുപേർ കാറിൽ ഉണ്ടായിരുന്നെന്നാണ് കുട്ടി വീട്ടുകാരോടു പറഞ്ഞത്. മൊഴികളുടെ അടിസ്ഥാനത്തിൽ റൂറൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പത്തനംതിട്ടയിലെ തട്ടിക്കൊണ്ടു പോകൽ ശ്രമത്തിനു പിന്നാലെയാണ് കൊല്ലത്തും അതേദിവസം അതേ രീതിയിൽ കുട്ടിയെ കടത്തിക്കൊണ്ടു പോകാൻ ശ്രമം നടന്നെന്ന് പരാതി ഉയർന്നത്.

Leave a Reply

Your email address will not be published. Required fields are marked *