കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സലഫി ജുമാ മസ്ജിദിലെ ചാരിറ്റി ബോക്സ് കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. പ്രഭാത നമസ്കാരത്തിന് ശേഷം പള്ളി അടച്ചുപോയി ഉച്ചയ്ക്ക് ദുഹർ നമസ്കാരത്തിനായി തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയിൽപ്പെട്ടത്.
പള്ളിക്കുള്ളിൽ സ്ഥാപിച്ചിരുന്ന ചാരിറ്റി ബോക്സ് കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന നോട്ടുകളും നാണയങ്ങളും മോഷ്ടാവ് അപഹരിച്ചതായാണ് വിവരം. ഒരു വർഷത്തോളമായി തുറക്കാതെ സൂക്ഷിച്ചിരുന്ന ബോക്സിലെ മുഴുവൻ പണവും നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം. പണം പുറത്തെടുത്ത ശേഷം അവിടെ വിരിച്ചിരുന്ന ടവ്വലിൽ പൊതിഞ്ഞ് മോഷ്ടാവ് കടന്നുകളഞ്ഞതായാണ് കരുതുന്നത്.

സംഭവത്തിൽ മസ്ജിദ് ഭാരവാഹികൾ കാഞ്ഞിരപ്പള്ളി പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തേണ്ടതുണ്ട്.
കാഞ്ഞിരപ്പള്ളി നഗരത്തിൽ പത്തുവർഷത്തോളമായി പ്രവർത്തിച്ചുവരുന്ന സലഫി മസ്ജിദിലാണ് മോഷണം നടന്നത്.


