കാസർകോട്: ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും മലയോര മേഖലയിലെ പ്രമുഖ കോൺഗ്രസ് വിമത നേതാവുമായ ജെയിംസ് പന്തമ്മാക്കലിനെ വിജിലൻസ് കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകി. ഈസ്റ്റ് എളേരി പഞ്ചായത്ത് അംഗം, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിരുന്ന കാലയളവിൽ അറിയപ്പെടുന്ന വരുമാന സ്രോതസ്സുകൾക്ക് അപ്പുറം അനധികൃതമായി വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തിലാണ് നടപടി. 2018-ൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ രജിസ്റ്റർ ചെയ്ത കേസിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രോസിക്യൂഷൻ അനുമതി നൽകിയത്.

സർക്കാർ ഉത്തരവിനെത്തുടർന്ന് വ്യാഴാഴ്ച മാധ്യമങ്ങളെ കണ്ട ജെയിംസ് പന്തമ്മാക്കൽ തനിക്കെതിരായ ആരോപണങ്ങൾ പൂർണ്ണമായും തള്ളിപ്പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ ഭയപ്പെടുത്താനും നിശബ്ദരാക്കാനുമുള്ള ഭരണകക്ഷിയുടെ ചട്ടുകമായി വിജിലൻസ് മാറിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വിജിലൻസിന്റെ നീക്കങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ പകപോക്കലാണെന്നും കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയമപരമായി കോടതിയിൽ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാസർകോട്ടെ മലയോര മേഖലകളിൽ ശക്തമായ ജനസ്വാധീനമുള്ള നേതാവാണ് ജെയിംസ് പന്തമ്മാക്കൽ. കോൺഗ്രസ് നേതൃത്വവുമായി ദീർഘകാലമായി തുടരുന്ന അസ്വാരസ്യങ്ങളെത്തുടർന്ന് 2015-ൽ കോൺഗ്രസ് വിട്ട അദ്ദേഹം ഡെമോക്രാറ്റിക് ഡെവലപ്‌മെന്റ് ഫ്രണ്ട് (ഡിഡിഎഫ്) എന്ന പേരിൽ ജനകീയ കൂട്ടായ്മ രൂപീകരിക്കുകയായിരുന്നു. ആ വർഷത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ഒരു സീറ്റിലൊതുക്കി ഡിഡിഎഫ് ഈസ്റ്റ് എളേരിയിൽ ഭരണം പിടിച്ചെടുത്തു. തുടർന്ന് 2020-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ഡിഡിഎഫും ഏഴ് സീറ്റുകൾ വീതം നേടിയെങ്കിലും സിപിഎമ്മിന്റെയും സ്വതന്ത്രരുടെയും പിന്തുണയോടെ പന്തമ്മാക്കൽ വീണ്ടും പഞ്ചായത്ത് ഭരണം നിലനിർത്തി. 2022-ൽ ഔദ്യോഗികമായി കോൺഗ്രസിലേക്ക് മടങ്ങിയെത്തിയെങ്കിലും ഡിസിസി ഓഫീസിലുണ്ടായ സംഘർഷത്തെത്തുടർന്ന് 2025-ൽ വീണ്ടും പാർട്ടി വിടുകയും നേതൃത്വം ഇയാളെ പുറത്താക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *