തൃശൂർ: പാലപ്പിള്ളിയിലെ ഹാരിസൺ മലയാളം പ്ലാന്റേഷനിൽ വനിതാ വാച്ചറെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കനത്ത ജനരോഷവും തൊഴിലാളി പ്രതിഷേധവും. കുണ്ടായി എസ്റ്റേറ്റിലെ വനിതാ സെക്യൂരിറ്റി വാച്ചറായ മഞ്ജുഷ (42) ആണ് പ്ലാന്റേഷനുള്ളിലെ മരക്കൊമ്പിൽ ജീവനൊടുക്കിയത്. ജോലിക്കെത്തിയ ശേഷം കാണാതായതിനെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് മേലുദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു.
തിങ്കളാഴ്ച പതിവുപോലെ ഡ്യൂട്ടിക്കെത്തിയ മഞ്ജുഷയെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കളും സഹപ്രവർത്തകരും ചേർന്ന് എസ്റ്റേറ്റ് മേഖല കേന്ദ്രീകരിച്ച് നടത്തിയ വിശദമായ തെരച്ചിലിനൊടുവിലാണ് തോട്ടത്തിനുള്ളിലെ ഉൾഭാഗത്തെ മരത്തിൽ തൂങ്ങിയ നിലയിൽ മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞ് പ്രദേശവാസികളും തോട്ടം തൊഴിലാളികളും സംഭവസ്ഥലത്തേക്ക് തടിച്ചുകൂടി. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി ഇൻക്വസ്റ്റ് നടപടികളിലേക്ക് കടന്നു.
മരണവുമായി ബന്ധപ്പെട്ട് മഞ്ജുഷ എഴുതിയതെന്ന് കരുതുന്ന കത്താണ് പ്രതിഷേധത്തിന് ആക്കം കൂട്ടിയത്. മേലുദ്യോഗസ്ഥരിൽനിന്നുള്ള വലിയ തോതിൽ മാനസിക പീഡനം സഹിക്കാനാവാതെയാണ് ജീവനൊടുക്കുന്നതെന്ന് വ്യക്തമാക്കുന്ന കത്ത് സംസ്ഥാന പൊലീസ് ഡിജിപിയെയും ഹാരിസൺ മലയാളം കൊച്ചിൻ മാനേജരെയും അഭിസംബോധന ചെയ്തുകൊണ്ടാണ് തയ്യാറാക്കിയിട്ടുള്ളത്. എസ്റ്റേറ്റിലെ ചില ഫീൽഡ് ഓഫീസർമാർ ജോലിസ്ഥലത്ത് നിരന്തരം വേട്ടയാടുകയും സമ്മർദ്ദത്തിലാക്കുകയും ചെയ്തതായി കത്തിൽ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തുന്നുണ്ട്.
മഞ്ജുഷയുടെ മരണത്തിന് കാരണക്കാരായ തോട്ടം ഉദ്യോഗസ്ഥർക്കെതിരെ പ്രേരണാക്കുറ്റത്തിന് കേസെടുക്കണമെന്നും കർശന നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകളും പ്രദേശവാസികളും രംഗത്തെത്തി. മരണത്തിൽ അസ്വാഭാവികതയുണ്ടോയെന്നും ജോലിസ്ഥലത്തെ പീഡന പരാതികളിൽ മുൻപ് എന്തെങ്കിലും നടപടികൾ ഉണ്ടായോയെന്നും പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി

