കാസര്‍കോട്: ചുമയ്ക്കുന്നത് ശല്യമാകുന്നുവെന്നാരോപിച്ച് പത്രവിതരണക്കാരനെ അയല്‍വാസി ക്രൂരമായി മര്‍ദിച്ചതായി കേസ്. ഉപ്പളയിലും പരിസരങ്ങളിലും പത്രം വിതരണം ചെയ്യുന്ന മണിമുണ്ടയിലെ അസൈനാര്‍ക്കാണ് (58) മര്‍ദനമേറ്റത്. അയല്‍വാസിയായ ജംഷീറിനെതിരെ അസൈനാര്‍ നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് ആണ് കേസെടുത്തത്.

കാസര്‍കോട് ജില്ലയിലെ ഉപ്പളയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഭാര്യയ്ക്ക് സുഖമില്ലാത്തതിനാല്‍ അടുക്കളയില്‍ പാചകംചെയ്യുന്നതിനിടയില്‍ അസൈനാര്‍ ചുമച്ചിരുന്നു. ഇത് തനിക്ക് ശല്യമാകുന്നുവെന്ന് പറഞ്ഞ് അയല്‍വാസിയായ ജംഷീര്‍ അസൈനാറിന്റെ വീട്ടിലെത്തി പ്രകോപനപരമായി സംസാരിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്.

സംസാരത്തിനിടെ പിടിച്ചുവലിച്ച് വീടിനു പുറത്തേക്ക് കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. തലയ്ക്ക് മുറിവേറ്റ അസൈനാറിനെ സമീപവാസികളാണ് ആശുപത്രിയിലെത്തിച്ചത്. തലയില്‍ മൂന്ന് തുന്നലുണ്ട്. മര്‍ദനത്തിനുശേഷം ജംഷീര്‍ വീട്ടില്‍ പോയി കത്തികൊണ്ടുവന്ന് കുത്താന്‍ ശ്രമിച്ചതായും അസൈനാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *