കൊല്ലം: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട്. പരവൂര്‍ കോങ്ങല്‍ സ്വദേശി സുനന്ദ മണിരാജനെയാണ് കാണാതായത്. സുനന്ദയും കുടുംബവും ലണ്ടനില്‍ സ്ഥിരതാമസക്കാരായിരുന്നു. കൈലാസ മാനസസരോവര്‍ തീര്‍ഥയാത്രയ്ക്ക് പോയതായിരുന്നു സുനന്ദ മണിരാജന്‍.

കഴിഞ്ഞ മാസം 25 നാണ് അവസാനമായി സുനന്ദ വിളിച്ചത്. ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയ സുനന്ദയെ പിന്നീട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നു ബന്ധുക്കൾ പറയുന്നു. പിന്നീട് ട്രാവല്‍ ഏജന്റിനെ വിളിച്ചപ്പോഴാണ് സംഭവം പറഞ്ഞത്. തുടര്‍ന്ന് മിസ്സിങ് പരാതി നല്‍കിയെന്നും ബന്ധുക്കള്‍ പറഞ്ഞു. നോര്‍ക്ക, വിദേശകാര്യമന്ത്രാലയം, കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി എന്നിവയെ വിവരം അറിയിച്ചിട്ടുണ്ട്.

സുനന്ദയുടെ മക്കള്‍ രണ്ടുപേരും യുകെയിലാണ്. ഇവര്‍ ബ്രിട്ടീഷ് എംബസി വഴി ട്രൈ ചെയ്തു കൊണ്ടിരിക്കുകയാണ്. ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സംഘത്തിലെ 17 പേരും ഒപ്പമുണ്ടായിരുന്ന 5 ഗൈഡുകളെക്കുറിച്ചും വിവരമില്ലെന്നും ബന്ധുക്കള്‍ പറയുന്നു. 22-ാം തീയതിയാണ് സുനന്ദ ലണ്ടനില്‍ നിന്നും ഡല്‍ഹിയിലെത്തുന്നത്. അവിടെ നിന്നും വിമാനമാര്‍ഗം കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്നു.

കൊല്ലം പരവൂര്‍ സ്വദേശിനിയായ സുനന്ദ കുടുംബത്തോടെ യുകെയില്‍ താമസിച്ചു വരികയായിരുന്നു. യുകെ പൗരത്വവുമുണ്ട്. യുകെയില്‍ ഒരു എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്തിരുന്നു. സുനന്ദയെ കാണാതായതില്‍ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. കാഠ്മണ്ഡുവിന് പുറമേ, ചൈനീസ് എംബസികള്‍ അടക്കമുള്ളവയുമായും ബന്ധപ്പെട്ടു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *