കൊച്ചി: കേരളത്തിൽ നിന്ന് കാണാതായ 13കാരിയെ ഒഡിഷയിലെ നക്‌സൽ ബാധിത വനമേഖലയിൽ നിന്ന് കുറുപ്പംപടി പൊലീസ് സാഹസികമായി കണ്ടെത്തി രക്ഷപ്പെടുത്തി. കുട്ടിയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം റോഡ് മാർഗം 4,000 കിലോമീറ്ററിലേറെ യാത്ര ചെയ്തു.

മേതലയിൽ നിന്ന് കാണാതായ പെൺകുട്ടിയെ ഒഡിഷയിലെ ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തിൽ നിന്നാണ് കണ്ടെത്തിയത്. 13ന് വൈകീട്ട് കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പരാതി നൽകിയതോടെയാണ് കുറുപ്പംപടി പൊലീസ് അന്വേഷണം ആരംഭിച്ചത്.

അന്വേഷണത്തിൽ സേലത്ത് ജോലി ചെയ്യുന്ന ഒഡിഷ സ്വദേശിയായ യുവാവുമായി കുട്ടിക്ക് സൗഹൃദമുണ്ടെന്ന് കണ്ടെത്തി. സേലത്ത് നടത്തിയ അന്വേഷണത്തിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് യുവാവിന്റെ ഫോൺ സ്വിച്ച് ഓഫ് ആയതോടെ അന്വേഷണം ഒഡിഷയിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.

ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നിർദേശപ്രകാരം പ്രത്യേക സംഘം ഒഡിഷയിലെത്തി. അലോക് എന്ന യുവാവിനൊപ്പമാണ് കുട്ടിയുള്ളതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പ്രദേശം നക്‌സൽ ബാധിത മേഖലയായതിനാൽ ബഞ്ചനഗർ പൊലീസിന്റെ സഹായത്തോടെ അർധരാത്രിയിലാണ് തെരച്ചിൽ നടത്തിയത്.

ആയുധധാരികളായ എട്ട് പൊലീസുകാരുടെ സുരക്ഷയിൽ വനമേഖലയിലൂടെ 40 കിലോമീറ്റർ സഞ്ചരിച്ച സംഘം രാത്രി 12 മണിയോടെ ലക്ഷ്യസ്ഥാനത്തിന് സമീപമെത്തി. വാഹനങ്ങൾ ഒരു കിലോമീറ്റർ അകലെ നിർത്തിയ ശേഷം കാട്ടിലൂടെ നടന്ന് അലോകിന്റെ വീട് കണ്ടെത്തി പൊലീസ് സംഘം വീട് വളയുകയായിരുന്നു. തുടർന്ന് കുറുപ്പംപടി പൊലീസിന്റെ സമയോചിത ഇടപെടലിലൂടെ 13കാരിയെ സുരക്ഷിതമായി രക്ഷപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *