തിരുവനന്തപുരം: സുകുമാരക്കുറുപ്പ് വിദേശത്തുണ്ടെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് എഡിഡിപിക്ക് നിര്‍ദേശം നല്‍കിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സുകുമാരക്കുറുപ്പ് വിദേശത്തുണ്ടെന്നതിന് നിലവില്‍ സ്ഥിരീകരണമില്ലെന്നും അഭ്യൂഹമാണെന്നും ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘സുകുമാരക്കുറുപ്പ് ലോണ്‍ പെന്‍ഡിങ് കേസ് ആണ്. ക്രൈംബ്രാഞ്ച് എഡിജിപിയോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളാ പൊലീസ് ഇന്റര്‍പോളുമായി ബന്ധപ്പെട്ട് അതിന്റെ നിജസ്ഥിതി എന്താണെന്ന് അറിയേണ്ടിയിരിക്കുന്നു. നിലവില്‍ അഭ്യൂഹങ്ങളാണ് ഉള്ളത്. സ്ഥിരീകരിക്കപ്പെട്ട കാര്യങ്ങളൊന്നുമില്ല. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇതിന്റെ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യം പ്രധാനപ്പെട്ട പല മാധ്യമപ്രവര്‍ത്തകര്‍ എന്നോട് സൂചിപ്പിച്ചിരുന്നു. നിജസ്ഥിതി അറിയാന്‍ ക്രൈംബ്രാഞ്ചിന്റെ ചുമതലയുള്ള എഡിജിപി വെങ്കിടേഷിനോട് ഇന്നലെ തന്നെ നിര്‍ദേശിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ത്തിയെന്ന അലി അക്ബറിന്റെ ആരോപണം വയലാര്‍ രവി ആഭ്യന്തരമന്ത്രിയായ കാലത്തുള്ളതാണ്. 40 വര്‍ഷത്തോളമായില്ലേ?. അതില്‍ എന്താണ് പൂഴ്ത്താനുള്ളത്. വാര്‍ത്ത വന്നതോടെ സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്തു തുടങ്ങിയിട്ടുണ്ട്’ ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *