ആലപ്പുഴ: കരുവാറ്റയിൽ 67-കാരനായ ശിവൻകുട്ടിയെ വീട്ടിനുള്ളിൽ കെട്ടിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ശിവൻകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ 13-കാരിയായ കൊച്ചുമകൾ വിഡിയോ കോളിലൂടെ തത്സമയം കണ്ടിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. എട്ടാം ക്ലാസ് വിദ്യാർഥിനിയായ കൊച്ചുമകൾക്ക് ഐഫോൺ വാങ്ങുന്നതിനും, കൂട്ടുപ്രതികളായ കൊല്ലം പരവൂർ സ്വദേശികളായ മൂന്ന് വിദ്യാർഥികൾക്ക് ബൈക്ക് വാങ്ങുന്നതിനും വേണ്ടിയാണ് വീട്ടിൽനിന്ന് സ്വർണ്ണം കവർന്നത്. സംഭവത്തിൽ പെൺകുട്ടിയെയും മൂന്ന് വിദ്യാർത്ഥികളെയും ഹരിപ്പാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

ശിവൻകുട്ടിയുടെ ഭാര്യയും മകളും വീട്ടിൽ ഇല്ലാതിരുന്ന തക്കം നോക്കിയാണ് പ്രതികൾ കൃത്യം നടത്തിയത്. മകളെ പ്രസവത്തിനായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് ശിവൻകുട്ടിയുടെ ഭാര്യയും ആശുപത്രിയിലായിരുന്നു. ഈ സമയത്ത് എട്ടാം ക്ലാസുകാരിയെ മറ്റൊരു ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. എന്നാൽ പരീക്ഷയുണ്ടെന്ന് പറഞ്ഞ് അവിടെനിന്നിറങ്ങിയ പെൺകുട്ടിയാണ് വീട്ടിലെത്തി മുത്തച്ഛൻ മരിച്ചുകിടക്കുന്നുവെന്ന് നാട്ടുകാരെ അറിയിച്ചത്. വീട് തുറക്കാൻ കഴിയുന്നില്ലെന്നും അകത്തുനിന്ന് പൂട്ടിയിരിക്കുകയാണെന്നുമായിരുന്നു പെൺകുട്ടി ആദ്യം പറഞ്ഞത്.

