പാലക്കാട്: ആര് ശ്രീലേഖ രാഷ്ട്രീയത്തില്‍ വന്നത് ഓഫര്‍ പ്രതീക്ഷിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. അവര്‍ക്ക് പ്രത്യേക രാഷ്ട്രീയമില്ലെന്നും അവര്‍ എങ്ങോട്ട് വേണമെങ്കിലും പോകാം. തിരുവനന്തപുരം നഗരസഭയില്‍ അനകൂലസാഹചര്യം വന്നാല്‍ ഉപയോഗിക്കുമെന്നും എംവി ഗോവിന്ദന് മാധ്യമങ്ങളോട് പറഞ്ഞു.
അവരുടെ രാജി പൂര്‍ണമാകണമെങ്കില്‍ നഗരസഭാ സെക്രട്ടറിക്ക് കൈമാറണം. ചെയര്മാന് രാജി നല്‍കിയെന്നാണ് അവര്‍ പറയുന്നത്. രാജിവയ്ക്കാനുള്ള കാരണം അവരാണ് പറയേണ്ടത്. ഒരുരാഷ്ട്രീയ പാര്‍ട്ടിയുമായി പ്രത്യേക ബന്ധമുള്ളയാളല്ല അവര്‍. അവര്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ മേയര്‍ ആകുമെന്നായിരുന്നു ആദ്യത്തെ ധാരണ. പിന്നീട് കേന്ദ്ര ഭരണസംവിധാനത്തിന്റെ ഭാഗമാകുമെന്ന് പ്രചരിപ്പിക്കപ്പെട്ടു. അവരുടെ രാജി ബിജെപിക്ക് അകത്തുള്ള വിഷയമാണ്. തിരുവനന്തപുരം നഗരസഭയില്‍ ഭരണപ്രതിസന്ധിയുണ്ട്. ബിജെപിയെ നിലനിര്‍ത്തേണ്ട നിര്‍ബന്ധം ഞങ്ങള്‍ക്കില്ല. ശ്രീലേഖയ്ക്ക് കൃത്യമായ രാഷ്ട്രീയം ഇല്ല. ഓഫറുകളില്‍ പെട്ട് രാഷ്ട്രീയത്തില്‍ വരുന്നവരാണ്. ഇത് പൊളിറ്റ്കസ് അല്ല’- എംവി ഗോവിന്ദന് പറഞ്ഞു.
ആര് ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചതോടെ തിരുവനന്തപുരം നഗരസഭയില്‍ ഭരണ പ്രതിസന്ധി രൂക്ഷമായി. ശാസ്തമംഗലം വാര്‍ഡിലെ ബിജെപി കൗണ്‍സിലറായിരുന്നു മുന്‍ ഡിജിപി കൂടിയായ ആര്ശ്രീലേഖ. മേയര്‍ വി.വി.രാജേഷിന്റെ ഓഫിസിലാണ് രാജിക്കത്ത് ഏല്പിച്ചത്. ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ബിജെപി കോര്പറേഷന് ഭരിക്കുന്നത്. ഇതിനിടയിലാണ് അപ്രതീക്ഷിതമായി ശ്രീലേഖ രാജി സമര്‍പ്പിച്ചിരുന്നത്. രാജി കോര്പറേഷന് സെക്രട്ടറി സ്വീകരിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ശ്രീലേഖയുടെ വിശദീകരണം. തിങ്കളാഴ്ച കലക്ടര്‍ക്കു കത്തു നല്‍കുമെന്നും അവര്‍ വാട്സാപ് ഗ്രൂപ്പില്‍ അറിയിച്ചിട്ടുണ്ട്. ശ്രീലേഖയുടെ രാജിയോടെ തിരുവനന്തപുരം കോര്പറേഷന് സീറ്റ് നില (101): ബിജെപി-49, എല്‍ഡിഎഫ് -29, യുഡിഎഫ് – 20 സ്വതന്ത്രര്‍ – 2.
അതേസമയം, മേയര്‍ക്കു രാജിക്കത്തു നല്കിയ ആര്.ശ്രീലേഖയെ അനുനയിപ്പിക്കാനുള്ള ശ്രമം ബിജെപി തുടങ്ങി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ശ്രീലേഖയുമായി നേരിട്ടു ചര്‍ച്ച നടത്തും. രാജി വയ്ക്കുന്നതായി അറിയിച്ച് ശ്രീലേഖ തനിക്കു കത്തു നല്‍കിയിരുന്നുവെന്ന് മേയര്‍ വി.വി.രാജേഷ് സ്ഥിരീകരിച്ചു. ‘വ്യക്തിപരമായ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണു കത്തു നല്‍കിയിരിക്കുന്നത്. പ്രശ്നപരിഹാരത്തിനുള്ള ശ്രമം നടക്കുന്നുണ്ട്. രാജിക്കത്ത് കൊടുക്കേണ്ടത് നഗരസഭാ സെക്രട്ടറിക്കാണ്. രാജി വിഷയത്തില്‍ ബിജെപി നേതൃത്വം ഇടപെടും’- വി.വി.രാജേഷ് വ്യക്തമാക്കി.

