ന്യൂഡല്‍ഹി: പാന്‍ മസാല ഉല്‍പ്പന്നങ്ങള്‍ പാക്ക് ചെയ്യാനായി പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് ഭക്ഷ്യസുരക്ഷ അതോറിറ്റി (എഫ്എസ്എസ്എഐ) നിരോധിച്ചു. പുതിയ ഭേദഗതി പ്രകാരം, പാന്‍ മസാല പാക്ക് ചെയ്യുന്നതിന് പ്ലാസ്റ്റിക് അധിഷ്ഠിത വസ്തുക്കളോ പ്ലാസ്റ്റിക് ലാമിനേറ്റ് ചെയ്ത കണ്ടെയ്നറുകളോ ഉപയോഗിക്കാന്‍ പാടില്ല.

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പാക്കേജിങ്) ഭേദഗതി റെഗുലേഷന്‍സ് പ്രകാരമാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഉത്തരവ് ഗസറ്റില്‍ പ്രസിദ്ധീകരിച്ച തീയതി മുതല്‍ പ്രാബല്യത്തില്‍ വന്നു. പ്ലാസ്റ്റിക്, പ്ലാസ്റ്റിക് ലാമിനേറ്റുകള്‍, അലുമിനിയം ഫോയില്‍, മെറ്റലൈസ്ഡ് ലെയറുകള്‍ എന്നിവ പാന്‍ മസാല പാക്കേജിങ്ങിനായി ഇനി ഉപയോഗിക്കാന്‍ പാടില്ല. പോളിഎഥിലീന്‍, പോളിപ്രൊപ്പലിന്‍, പോളിസ്റ്റര്‍, പിവിസി തുടങ്ങിയ സിന്തറ്റിക് പോളിമറുകളും നിരോധിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.

പേപ്പര്‍, പേപ്പര്‍ബോര്‍ഡ്, സെല്ലുലോസ് അല്ലെങ്കില്‍ പ്രകൃതിദത്തമായ മറ്റ് വസ്തുക്കള്‍ ഉപയോഗിച്ച് പാന്‍ മസാല പാക്ക് ചെയ്യാവുന്നതാണ്. എന്നാല്‍ ഈ വസ്തുക്കളിലും പ്ലാസ്റ്റിക് അംശങ്ങള്‍ ഒട്ടും ഉണ്ടാകാന്‍ പാടില്ല. ടിന്‍, ഗ്ലാസ് കണ്ടെയ്നറുകള്‍ എന്നിവ പാക്കേജിങ്ങിനായി ഉപയോഗിക്കുന്നത് തുടരാം.

2016ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് റൂള്‍സ് മാനദണ്ഡങ്ങള്‍ പാന്‍ മസാല പാക്കേജിങ്ങിനും ബാധകമായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഏപ്രില്‍ 28ന് പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന് ശേഷം പൊതുജനങ്ങളില്‍ നിന്നും വിവിധ കോണുകളില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിച്ച ശേഷമാണ് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *