കോട്ടയം: വിദ്യാർത്ഥികളെ തെരുവിലിറക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാർക്കെതിരായ നടപടികളിൽ പ്രതിഷേധിച്ചും കെ.എസ്.യു സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പുമുടക്ക് സമരം നടന്നു.

ജില്ലയിലെ വിവിധ കോളേജ് യൂണിറ്റ് കമ്മിറ്റികളുടെയും മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിൽ നടന്ന സമരം ജില്ലയിൽ സമ്പൂർണമായിരുന്നുവെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് കെ.എൻ. നൈസാം ക്രിട്ടിക്കൽ ടൈംസ് ന്യൂസിനോട് പറഞ്ഞു. സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച വിദ്യാഭ്യാസ ബന്ദിന് ജില്ലയിലെ വിദ്യാർത്ഥികൾ വ്യാപക പിന്തുണ നൽകിയതായും അദ്ദേഹം പറഞ്ഞു.

സമരത്തിന്റെ ഭാഗമായി കെ.എസ്.യുവിന്റെ സംസ്ഥാന ഭാരവാഹികൾ, ജില്ലാ ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ, യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പഠിപ്പുമുടക്കിന് നേതൃത്വം നൽകി. വിദ്യാർത്ഥി വിരുദ്ധ നയങ്ങൾക്കെതിരായ പ്രതിഷേധം തുടരുമെന്നും കെ.എസ്.യു നേതൃത്വം അറിയിച്ചു.


