ഫിഫ ലോകകപ്പ് പോരാട്ടങ്ങൾ അതിന്റെ ഏറ്റവും അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. 2 സെമി പോരാട്ടവും മൂന്നാം സ്ഥാന മത്സരവും ഫൈനലും മാത്രമാണ് 48 ടീമുകൾ പങ്കെടുത്ത ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമുള്ള ലോകകപ്പിൽ ഇനി അവശേഷിക്കുന്നത്. ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയം റഫറിമാരുടെ ചില തീരുമാനങ്ങളും വിഡിയോ അസിസ്റ്റന്റ് റഫറി (വാർ) സംവിധാനവുമാണ്. യഥാർഥത്തിൽ വാർ ഫുട്ബോൾ ലോകത്തിന് ഒരു അനുഗ്രഹമാണോ അതോ ശാപമാണോ? അന്തിമമായ ഒരു തീർപ്പിലെത്താൻ കായിക ലോകത്തിന് ഇനിയും സാധിച്ചിട്ടില്ല. എങ്കിലും ചില നിർണായകമായ 50- 50 തീരുമാനങ്ങൾ (ആർക്ക് അനുകൂലമായും വരാവുന്ന തീരുമാനങ്ങൾ) മറ്റു ടീമുകളെ അപേക്ഷിച്ച് ചില പ്രത്യേക ടീമുകൾക്ക് കൂടുതൽ അനുകൂലമായി ലഭിക്കാറുണ്ട് എന്ന കാര്യത്തിൽ ഒരു പൊതുസമ്മതമുണ്ട്. ചില പ്രത്യേക വാർ തീരുമാനങ്ങളെക്കുറിച്ച് വലിയ തോതിലുള്ള ചർച്ചകളാണ് നടക്കുന്നത്. പ്രത്യേകിച്ച് ലയണൽ മെസിയുടെ അർജന്റീന ഉൾപ്പെട്ട മത്സരങ്ങളിലെ തീരുമാനങ്ങളെക്കുറിച്ച്.
റൗണ്ട് ഓഫ് 16 ൽ അർജന്റീന ഈജിപ്തിനെ പുറത്താക്കിയപ്പോൾ നിലവിലെ ചാംപ്യന്മാരായ അർജന്റീനയെ സഹായിക്കാനായി ടൂർണമെന്റിൽ അട്ടിമറി (റിഗ്ഗ്ഡ്) നടക്കുകയാണെന്ന് എതിർ ഈജിപ്ത് കോച്ചും കളിക്കാരും പരസ്യമായി ആരോപിച്ചിരുന്നു. സമാനമായ രീതിയിൽ, ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സ്വിറ്റ്സർലൻഡിന്റെ ബ്രീൽ എംബോളോയെ ചുവപ്പ് കാർഡ് നൽകി പുറത്താക്കിയതും വലിയൊരു വിവാദത്തിന് തിരികൊളുത്തി. ഈ വിഷയത്തിൽ വാറിന്റെ ഇടപെടൽ തികച്ചും അനാവശ്യമായിരുന്നു എന്നാണ് പലരും അഭിപ്രായപ്പെട്ടത്.വാർ വഴി അർജന്റീനയ്ക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന വാദങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമാകുമ്പോൾ റഫറിയിങ് തീരുമാനങ്ങളുടെ കാര്യത്തിൽ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സംരക്ഷണം ലഭിക്കുന്ന ടീം മെസിയുടേതാണെന്ന് പല ആരാധകരും കരുതുന്നു. എന്നാൽ ലഭ്യമായ കൃത്യമായ വിവരങ്ങൾ (ഡാറ്റ) ഇതിലും വ്യത്യസ്തവും സൂക്ഷ്മവുമായ മറ്റൊരു ചിത്രമാണ് നൽകുന്നത്.

