വയനാട് കള്ളാടി മണ്ണിടിച്ചിലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഹിമാചൽ പ്രദേശ് സ്വദേശി വിക്രം റാണയുടെ മൃതദേഹം ആണ് കിട്ടിയത്. ദുരന്തത്തിൽ കാണാതായ മറ്റെല്ലാവരുടേയും മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. മീനാക്ഷി പാലത്തിൽ നിന്നും 150 മീറ്റർ താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

പുഴയോട് ചേർന്ന് ഏല തോട്ടത്തിലെ കുളത്തിലായിരുന്നു മൃതദേഹം. ഫയർഫോഴ്‌സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി ഉയര്‍ന്നു. തെർമൽ ഡിറ്റക്ടറുകൾ, ഡ്രോണുകൾ, കെഡാവർ ഡോഗുകൾ തുടങ്ങി എല്ലാ അത്യാധുനിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയായിരുന്നു തിരച്ചിൽ നടത്തിയിരുന്നത്.

മൃതദേഹം തുടർനടപടികൾക്കായി ഉടൻ വൈത്തിരി താലൂക്ക് ആശൂപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോർട്ടത്തിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലെത്തിക്കും. വയനാട് കള്ളാടിയിൽ ജൂലായ് 8നാണ് അപകടമുണ്ടായത്. രാവിലെ പതിനൊന്നരയോടെ തുരങ്കപാത നിർമ്മാണ മേഖലയോട് ചേർന്ന് മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. തുരങ്കപാത പദ്ധതി പ്രദേശത്തെ ജോലികളിൽ ഏർപ്പെട്ടിരുന്നവർ, സുരക്ഷാ ജീവനക്കാർ തുടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്

Leave a Reply

Your email address will not be published. Required fields are marked *