കൊച്ചി: പെരുമ്പാവൂരിൽ ലഹരി വിൽപനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കൾക്ക് നേരെ ക്രൂരമായ ആൾക്കൂട്ട വിചാരണ. ജോലി അന്വേഷിച്ചെത്തിയ യുവാക്കളെ നടുറോഡിൽ മുട്ടുകുത്തി നിർത്തി തല മൊട്ടയടിക്കുകയും, വസ്ത്രമഴിച്ച് മുറിയിലടച്ച് മർദ്ദിക്കുകയും ചെയ്തതായി പരാതി. സംഭവത്തിൽ കണ്ടാലറിയാവുന്ന ആറുപേർക്കെതിരെ പെരുമ്പാവൂർ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച വൈകിട്ട് നാലരയോടെ പെരുമ്പാവൂർ കണ്ടന്തറയിലാണ് സംഭവം. മർദ്ദനമേറ്റ വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശികളായ ഗോകുൽ (18), ആൽബി (20), അൽഫാസ് (20) എന്നിവർ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

കണ്ടന്തറയിലെ ഒരു സോഡാ ഫാക്ടറിയിൽ ജോലി അന്വേഷിച്ചെത്തിയതായിരുന്നു യുവാക്കൾ. ഫാക്ടറിയിലെ ഇതരസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് പോയ ഒഴിവിൽ, സൂപ്പർവൈസറുടെ വിളിപ്രകാരമാണ് ഇവർ സ്ഥലത്തെത്തിയത്. എന്നാൽ ഫാക്ടറിയുടെ മുന്നിലെത്തിയപ്പോൾ ഒരു സംഘം ആളുകൾ ഇവരെ തടഞ്ഞുനിർത്തി.
ബൈക്കിന്റെ താക്കോൽ പിടിച്ചെടുത്ത സംഘം യുവാക്കളെ ‘കഞ്ചാവ് വിൽപനക്കാരാണ്’ എന്ന് ആരോപിച്ച് ചോദ്യം ചെയ്യുകയും തങ്ങൾ ജോലി ആവശ്യത്തിനാണ് എത്തിയതെന്ന് വിശദീകരിച്ചിട്ടും അത് അംഗീകരിക്കാൻ തയ്യാറാകാതിരിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. പൊലീസിനെയോ ബന്ധുക്കളെയോ വിളിക്കാൻ അനുവദിക്കാതെ മൊബൈൽ ഫോണുകളും പിടിച്ചുവാങ്ങിയെന്നും പരാതിയിലുണ്ട്.

തുടർന്ന് യുവാക്കളെ നടുറോഡിൽ മുട്ടുകുത്തി നിർത്തി തല മൊട്ടയടിക്കുകയും പിന്നീട് സമീപത്തെ മുറിയിലേക്ക് കൊണ്ടുപോയി വസ്ത്രങ്ങൾ അഴിച്ചുമാറ്റി ക്രൂരമായി മർദ്ദിക്കുകയും ചെയ്തെന്നാണ് പരാതി. സംഭവത്തിൽ പെരുമ്പാവൂർ പൊലീസ് കണ്ടാലറിയാവുന്ന ആറുപേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞ് കൂടുതൽ നടപടികൾ സ്വീകരിച്ചുവരികയാണ്.

