തിരുവനന്തപുരം: ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത. തെക്കൻ കേരളം ഒഴികെയുള്ള ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഒൻപത് ജില്ലകളിൽ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു.
എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുകയാണ്. കിഴക്കൻ മധ്യപ്രദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ശക്തികൂടിയ ന്യൂനമർദ്ദ മേഖല നിലനിൽക്കുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇതിന്റെ സ്വാധീനഫലമായി ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

